
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീന് വിതരണം ഈ മാസം പതിനാറ് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പെടെ മൂന്നുകോടി ആളുകള്‍ക്കാണ് ആദ്യം വാക്സീന് നല്‍കുക.
കേരളത്തിൽ 133 വാക്സീന് കേന്ദ്രങ്ങള്‍ ആണുണ്ടാകുക. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റുജില്ലകള്‍ 9 വീതം. ആദ്യദിനം 13,300 പേര്‍ക്ക് വാക്സീന് നല്‍കും. ഒാരോ കേന്ദ്രത്തിലും നൂറുപേര് വീതമായിരിക്കും വാക്സിൻ നൽകുക.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുക. സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വാക്സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പൂനയിൽ നിന്ന് വാക്സിൻ എയർലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ തന്നെ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ എത്തും. ഇതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പതിനാറാം തീയതി മുതൽ വാക്സിൻ ഉപയോഗിച്ച് തുടങ്ങാൻ സാധിക്കുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തിൽ 30 കോടി പേർക്കാണ് വാക്സിൻ നൽകുക. ഇതിൽ മൂന്ന് കോടി പേർ ആരോഗ്യപ്രവർത്തകരാണ്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നീ വാക്സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്സിനേഷന് നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു.