ഉത്തരഖണ്ഡ് ദുരന്തം: 170 പേരെ കാണാതായി; രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരും

അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വന്‍ദുരന്തമുണ്ടായത്
ഉത്തരഖണ്ഡ് ദുരന്തം: 170 പേരെ കാണാതായി; രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരും

ഡെറാഡൂണ്‍: ഉത്തരഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ ഇതുവരെ 10 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.170 പേരെ കാണാതായിട്ടുണ്ട്. അളകനന്ദ നദി കരകവിഞ്ഞൊഴുകിയാണു വന്‍ദുരന്തമുണ്ടായത്. 150 പേര്‍ വരെ മരിച്ചതായി സംശയിക്കുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഉത്തരാഖണ്ഡില്‍ രാത്രിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരും. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആര്‍എഫ്) എന്നിവയ്ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഐടിബിപി വ്യക്തമാക്കിയതാണ് ഇക്കാര്യം.

പ്രളയം വേഗത്തിൽ ആയതിനാൽ മൃതദേഹങ്ങൾ വളരെ അകലെ നിന്നാണ് കണ്ടെടുത്തതെന്ന് ദേശീയ ദുരന്തനിവാരണ സേന ഐജി അമരേന്ദ്ര കുമാർ സെനഗർ അറിയിച്ചു. മൃതദേഹങ്ങൾ ചിലത് അത് വളരെ ആഴമുള്ളിടത്തും ചിലത് ടണലിലും കുടുങ്ങി കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് പ്രതിസന്ധിയായി. രക്ഷാപ്രവർത്തനം അണക്കെട്ടിലെ രണ്ടാമത്തെ ടണലിൽ തുടരുകയാണെന്നും അമരേന്ദ്ര കുമാർ സെനഗർ പറഞ്ഞു. 30 പേരോളം ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. അതിനാലാണ് രാത്രിയിലും രക്ഷാപ്രവർത്തനം തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനേ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ മറ്റുപ്രദേശങ്ങളില്‍ അപകടമൊന്നുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച വൈകുന്നേരം അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ഗ്രാമങ്ങള്‍ക്കും ജലവൈദ്യുത പദ്ധതികള്‍ക്കും ഭീഷണിയൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരും കേന്ദ്രവും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ പലരും. പ്രളയസമയത്ത് 160 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വൈദ്യുത പദ്ധതിയുടെ ടണില്‍ കുടുങ്ങിയ ചിലരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായി. പ്രളയം ഉണ്ടായ വിവരം ലഭിച്ചതോടെ ഋഷികേശ് ശ്രീനഗര്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി കളയാന്‍ അധികൃതര്‍ അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനു കര, വ്യോമസേനകള്‍ രംഗത്തുണ്ട്. 2013ലെ പ്രകൃതിദുരന്ത സമയത്തെ മാതൃകയിലാണു രക്ഷാദൗത്യം. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിലയിരുത്തി. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി, നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഉത്തരാഖണ്ഡിനൊപ്പമുണ്ടെന്നും രാജ്യം മുഴുവന്‍ പ്രാര്‍ഥനയിലാണെന്നും അറിയിച്ചു.

മരിച്ചവരുടെ കുടുംബത്തിനു നാലു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് രണ്ടു ലക്ഷം രൂപയും നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ കൈമാറും. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശാസ്ത്രസംഘം സ്ഥലം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിര്‍മാണത്തിലിരുന്ന തുരങ്കത്തിനുള്ളില്‍ അകപ്പെട്ട 16 പേരെ ഐ.ടി.ബി.പി സംഘം രക്ഷിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com