കോവിഡ് നിയന്ത്രണങ്ങൾക്കിടെ മലയാളിക്കിന്ന് ഉത്രാടപാച്ചിൽ

കഴിഞ്ഞ ദിവസങ്ങളില്‍ പരിമിതമായിരുന്നു കച്ചവട കേന്ദ്രങ്ങളിലെ തിരക്കെങ്കിലും ഇന്ന് സ്ഥിതി മാറുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍
കോവിഡ് നിയന്ത്രണങ്ങൾക്കിടെ മലയാളിക്കിന്ന് ഉത്രാടപാച്ചിൽ

ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ ഉത്രാടപ്പാച്ചിലിലേക്ക് മലയാളി ഇറങ്ങുന്ന ദിനം. എന്നാൽ ഇത്തവണത്തെ ഉത്രാടപ്പാച്ചിൽ കോവിഡ് ഭീതിയ്ക്കും നിയന്ത്രണങ്ങള്‍ക്കുമിടെയാണ്. എങ്കിലും സുരക്ഷാ മാനദണ്ഡങ്ങളോടെ നാടും നഗരവും ഉത്രാടപ്പാച്ചിലിന് ഒരുങ്ങി. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം വിപണിയില്‍ പ്രകടമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പരിമിതമായിരുന്നു കച്ചവട കേന്ദ്രങ്ങളിലെ തിരക്കെങ്കിലും ഇന്ന് സ്ഥിതി മാറുമെന്ന വിശ്വാസത്തിലാണ് വ്യാപാരികള്‍.

തിരുവോണത്തിനുള്ള ചിട്ടവട്ടങ്ങളൊരുക്കാന്‍ സാധാരണ മലയാളി, ഉത്രാടത്തിന് രാവിലെ മുതല്‍ നഗരങ്ങളിലിറങ്ങുകയാണ് പതിവ്. പിന്നെ ഓണക്കോടിയും ഓണസദ്യയും, പൂക്കളുമൊക്കെയായി ആഘോഷത്തോടെയുള്ള മടക്കം. എന്നാല്‍ ഇത്തവണ സാമൂഹ്യഅകലവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ വേണം വ്യാപാര കേന്ദ്രങ്ങളിലെത്താന്‍. അതുകൊണ്ട് തന്നെ നാടും നഗരവും സാധാരണയുള്ള ഉത്രാടപാച്ചിലിന്‍റെ പകിട്ടിലേക്ക് ഉയരാനിടയില്ല. ആള്‍ക്കൂട്ടം ഒഴിവാക്കാനായി പ്രധാന കച്ചവട കേന്ദ്രങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ അകലം പരമാവധി പാലിച്ചാവണം കച്ചവടമെന്ന് വ്യാപാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ ഏഴു മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാവും ഇന്ന് വ്യപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്താകെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസുകാരും ഇറങ്ങിയിട്ടുണ്ട്. കോവിഡ് ആശങ്കയുള്ളതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല.

കോവിഡ് മഹാമാരിയുടെ കാലത്ത് ഓണാഘോഷം മിക്കയിടങ്ങളിലും പഴമയിലേക്ക് തിരിച്ച്‌ പോകുകയാണ്. കുട്ടികളൊരുമിച്ച്‌ തൊടികളില്‍ നിന്ന് നാട്ടുപൂക്കള്‍ പറിച്ചും പൂക്കളമിട്ടും വീട്ട് മുറ്റങ്ങളില്‍ ഒത്ത് കൂടിയുമൊക്കെയാണ് ഓണാഘോഷം. പ്രതിസന്ധികളെ അതിജീവിച്ച്‌ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നാളുകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയുടേതാണ് മലയാളിക്ക് ഈ

ഓണക്കാലം.

Related Stories

Anweshanam
www.anweshanam.com