ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ, രാസ പരിശോധന ഫലം പുറത്ത്
Top News

ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെ, രാസ പരിശോധന ഫലം പുറത്ത്

By News Desk

Published on :

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രാസപരിശോധനാഫലം പുറത്ത്. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയെന്ന് പരിശോധനാഫലം. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തി. പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. അടുത്ത മാസം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് നിര്‍ണായക ഫലം ലഭിച്ചത്. ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ച് ഉത്രയെ മയക്കി കിടത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഉത്രയെ കൊന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂരജ് കുറ്റസമ്മതം നടത്തിയിരുന്നു. കൂട്ടുപ്രതി സുരേഷ് മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ സൂരജിനെതിരെയുള്ള കുരുക്ക് മുറുകും.

ഉത്രയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. അടൂരില്‍ ഭര്‍തൃവീട്ടില്‍ പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ ഉത്ര അഞ്ചലിലെ വീട്ടില്‍ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്.

ആദ്യം മാര്‍ച്ച് രണ്ടിന് ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്. ഇത് അണലിയായിരുന്നു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തിയിരുന്നു. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ആ ദിവസം യുവതിയുടെ ഭര്‍ത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിലായിരുന്നു ഇരുവരും കിടന്നിരുന്നത്. ജനലുകള്‍ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്ന മാതാപിതാക്കളുടെ സംശയമാണ് യുവതിയുടെ മരണം കൊലപാതകമാണ് എന്ന സംശയത്തിലേക്കും അന്വേഷണത്തിലേക്കും എത്തിച്ചത്.

Anweshanam
www.anweshanam.com