യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; നിര്‍ണ്ണായക മുന്നേറ്റം നടത്തി ബൈഡന്‍

വോട്ടെണ്ണല്‍ തുടരുന്ന ജോര്‍ജിയ, നോര്‍ത്ത് കാരോലിന, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകളില്‍ ട്രംപ് മുന്നില്‍
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; നിര്‍ണ്ണായക മുന്നേറ്റം നടത്തി ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഏറ്റവും ഒടുവില്‍ പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 264 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ബൈഡന്‍ നേടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന് 214 വോട്ടുകളും ലഭിച്ചു.

ബൈഡന്‍ നേരിയ ലീഡ് നിലനിര്‍ത്തുന്ന നെവാഡ കൂടി പിടിക്കാനായാല്‍ അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെടും. നെവാഡയിലെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ 270 എന്ന മാജിക്ക് നമ്പര്‍ ബൈഡന് തികയ്ക്കാനാകും. എന്നാല്‍ നെവാഡയില്‍ 0.6 ശതമാനത്തിന്റെ നേരിയ ലീഡ് മാത്രമാണ് ബൈഡനുള്ളത്.

നിര്‍ണായക സംസ്ഥാനങ്ങളായ വിസ്‌കോന്‍സിന്‍, മിഷിഗണ്‍ എന്നിവിടങ്ങളിലും ബൈഡന്‍ വിജയം നേടിക്കഴിഞ്ഞു. വിസ്‌കോന്‍സിനിലെ ബൈഡന്റെ വിജയത്തിനു പിന്നാലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെടുമെന്ന് ട്രംപ് ക്യാമ്പ് അറിയിച്ചു. കൂടാതെ മിഷിഗണിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ക്യാമ്പ് പരാതിയും നല്‍കിയിട്ടുണ്ട്.

അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍, നമ്മള്‍ ആയിരിക്കും വിജയിക്കുക എന്ന് സ്വദേശമായ വില്‍മിങ്ടണില്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കവേ ബൈഡന്‍ പറഞ്ഞു. ഓരോ വോട്ടും എണ്ണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ തുടരുന്ന ജോര്‍ജിയ, നോര്‍ത്ത് കാരോലിന, പെന്‍സില്‍വാനിയ എന്നീ സ്റ്റേറ്റുകളില്‍ ട്രംപാണ് മുന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റില്‍ ബൈഡന്‍ ജയിച്ചാല്‍ ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്. ബൈഡന് നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയില്‍ വോട്ടെണ്ണല്‍ വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു.

വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം നേരത്തെയും ബൈഡന്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ട്രംപ് വാര്‍ത്താസമ്മേളനം നടത്തി താന്‍ വിജയിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. ഫലത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച ട്രംപ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.

Related Stories

Anweshanam
www.anweshanam.com