
കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച അമേരിക്കയിൽ പൊലിഞ്ഞത് അഞ്ച് ലക്ഷത്തിലേറെ ജീവനുകൾ. ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്ക് പ്രകാരമാണ് ലോകത്തെ ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടമായത് അമേരിക്കയിലാണെന്ന് വ്യക്തമാക്കുന്നത്. രാജ്യത്തെ ആദ്യ കോവിഡ് മരണം കാലിഫോർണിയയിൽ സ്ഥിരീകരിച്ച് ഒരു വര്ഷം പിന്നിടുമ്പോഴാണ് മരണം അഞ്ച് ലക്ഷത്തിലെത്തി നിൽക്കുന്നത്.
'ഈ ദിവസം ഞങ്ങൾ ഹൃദയ ഭേദകമായൊരു നാഴികക്കല്ലിലാണ് എത്തിയിരിക്കുന്നത്' - അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും കൂടി മരിച്ച അമേരിക്കകാരെക്കാൾ കൂടുതൽ പേരാണ് കോവിഡിൽ മരിച്ചതെന്നും ബൈഡൻ പറഞ്ഞു. മരിച്ച ഓരോ അമേരിക്കക്കാരനെയും ഞങ്ങൾ സ്മരിക്കുന്നതായും ബൈഡൻ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ആഴ്ചയായി അമേരിക്കയിൽ കോവിഡ് വ്യാപനവും മരണവും കുറഞ്ഞ് വരികയാണ്. ബൈഡൻ അധികാരമേറ്റ ശേഷം കോവിഡ് വാക്സിനേഷൻ വർധിപ്പിച്ചതാണ് കോവിഡ് നിരക്ക് കുറയാൻ കാരണമായത്.
അതേസമയം കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് അമേരിക്കൻ വിദഗ്ദൻ ഡോ. ആന്റണി ഫോസി അഭിപ്രായപ്പെട്ടു. അമേരിക്കൻ ജനതയുടെ നല്ലൊരു ശതമാനത്തിനും വാക്സിനേഷൻ പൂർത്തിയാക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1918 ലെ ഇൻഫ്ലുവെൻസ പകർച്ച വ്യാധിക്ക് ശേഷം അമേരിക്ക നേരിട്ട ഏറ്റവും വലിയ പകർച്ച വ്യാധിയാണ് ഇത്. കണക്കുകളിലേക്ക് നോക്കുമ്പോൾ ഞങ്ങൾ അത്ഭുതപ്പെടുകയാണ്. വിശ്വസിക്കാനാവുന്നില്ല. പക്ഷെ, അതാണ് സത്യം - ഡോ. ഫോസി പറഞ്ഞു.
ചൊവ്വാഴ്ച നടന്ന അമേരിക്കൻ കോൺഗ്രസിൽ റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും മരിച്ചവർക്ക് വേണ്ടി ഒരു നിമിഷം മൗനമാചരിച്ചു. ഫെബ്രുവരി 26 ന് സൂര്യാസ്തമയം വരെ അമേരിക്കൻ പതാക പകുതി താഴ്ത്തിക്കെട്ടാൻ പ്രസിഡന്റ് ബൈഡൻ ഉത്തരവിട്ടുണ്ട്. മരിച്ചവരോടുള്ള ആദര സൂചകമായാണ് ഇത്. ശേഷം പ്രതിജ്ഞയുമെടുത്തു.
അതേസമയം, പ്രസിഡന്റ് ആയി ചുമതലയേറ്റ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ 100 മില്യൺ കോവിഡ് വാക്സിനേഷൻ നൽകാനുള്ള കഠിന ശ്രമത്തിലാണ് ബൈഡൻ. അതോടൊപ്പം തന്നെ കോവിഡ് തകർത്ത കുടുംബങ്ങൾക്കുള്ള ആശ്വാസ ധനമായി 1.9 ട്രില്യൺ ഡോളർ കോൺഗ്രസിൽ പാസാക്കി എടുക്കാനുള്ള ശ്രമവും നടത്തുകയാണ്.