ബലാറസ്: യുഎസ് ഭരണകൂട ഉപരോധ നീക്കം
Top News

ബലാറസ്: യുഎസ് ഭരണകൂട ഉപരോധ നീക്കം

ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഇതിനോടകം തന്നെ യുഎസ് ഉപരോധം നേരിടുന്നുണ്ട്.

News Desk

News Desk

വാഷിങ്ടണ്‍: ഏഴ് ബലാറസ് നേതാക്കൾക്കെതിരെ ഉപരോധത്തിനൊരുങ്ങി യുഎസ് ഭരണകൂടം. ആഗസ്ത് ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നവെന്നതുമാണ് ഉപരോധ നീക്കത്തിന് കാരണം - യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻ്റ് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ ഇതിനോടകം തന്നെ യുഎസ് ഉപരോധം നേരിടുന്നുണ്ട്.

ബലാറസിൽ റഷ്യൻ സൈനിക ഇടപ്പടലിന് മുതിർന്നാൽ റഷ്യക്കെതിരെയുള്ള ഉപരോധവും യുഎസ് ഭരണകൂടം പരിഗണിക്കുന്നതായി പറയപ്പെടുന്നു.

മുൻ സോവിയറ്റ് റിപ്പബ്ലിക്കാണ് ബലാറസ്. കഴിഞ്ഞ കാൽനൂറ്റാണ്ടിലധികമായി ബലാറസ് അധിപതി പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയ്ക്കെതിരെ ജനങ്ങൾ വൻ പ്രതിഷേധത്തിലാണ്. ലുകാഷെങ്കോ പ്രസിഡൻ്റു പദവിയൊഴിയുകയെന്നതാണ് തെരുവിലിറങ്ങിയ ജനങ്ങളുടെ ആത്യന്തികമായ ആവശ്യം.

പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 80 ശതമാനം വോട്ട് നേടി ലുകാഷെങ്കോക്ക് അധികാരതുടർച്ച. എന്നാൽ ആഗസ്ത് ഒമ്പതിലെ തെരഞ്ഞെടുപ്പിൽ ലുകാഷെങ്കോ വ്യാപക ക്രമക്കേട് നടത്തിയെന്ന് ആരോപണം. ഇതാണ് ബലാറസിൻ്റെ തെരുവുകളിൽ പ്രതിഷേധത്തിൻ്റെ ഇടിമുഴക്കങ്ങൾക്ക് പെട്ടെന്നുള്ള കാരണമായിതീർന്നത്.

സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് വീണ്ടും നടത്തുക. ബാഹ്യ ഏജൻസി മേൽനോട്ടത്തിലായിരിക്കണം വീണ്ടുമുള്ള തെരഞ്ഞെടുപ്പ്. പ്രതിഷേധക്കാരുടെ ആവശ്യങ്ങളിൽ പ്രസിഡൻ്റ് ലുകാഷെങ്കോയെ ഇനിയും തങ്ങൾക്ക് വേണ്ടെന്ന കാർക്കശ്യമാണ് ഉയരുന്നത്.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്നാരോപണത്തിൽ പക്ഷേ കഴമ്പില്ലെന്ന ഉറച്ച നിലപാടിലാണ് ബലാറസ് അധിപതി പ്രസിഡന്റ് ലുകാഷെങ്കോ. യൂറോപ്യൻ യുണിയനും ലുകാഷെങ്കോ ഭരണത്തിന് അന്ത്യം വേണമെന്ന നിലപാടിലാണ്. പ്രക്ഷോഭക്കാർക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട് യൂറോപ്യൻ യുണിയൻ.

ആഗസ്ത് 11 ന് അയൽരാജ്യമായ ലിത്വാനിയയിലേക്ക് പലായനം ചെയ്ത പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി സ്വിയറ്റ്‌ലാന സിഖാന സ്ഖ്യോയെ ബലാറസിൽ അധികാരത്തിലെത്തിക്കുകയെന്നതാണ് യൂറോപ്യൻ യൂണിയൻ്റെ ലക്ഷ്യം.

Anweshanam
www.anweshanam.com