ഹത്രാസിൽ റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം

ലഘുലേഖ സിദ്ദിഖ് കാപ്പന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും പക്കല്‍ നിന്ന് പിടിച്ചെടുത്തു എന്നാണ് യുപി പൊലീസ് പറയുന്നത്
ഹത്രാസിൽ റിപ്പോർട്ട് ചെയ്യാൻ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം

ന്യൂഡൽഹി: ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിൽ റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഉത്തർപ്രദേശിലെ പൊലീസ് മതവിദ്വേഷം വള‌‌ര്‍ത്തുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തു എന്ന് ആരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

'Am I India's Daughter' എന്ന് എഴുതിയ ലഘുലേഖ സിദ്ദിഖ് കാപ്പന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും പക്കല്‍ നിന്ന് പിടിച്ചെടുത്തു എന്നാണ് യുപി പൊലീസ് പറയുന്നത്. ഇതല്ലാതെ വേറെ ഏതെങ്കിലും രേഖ ഇവരുടെ പക്കല്‍ ഉണ്ടായിരുന്നോ എന്ന വിവരം യുപി പൊലീസ് നല്‍കുന്നില്ല.

കെയുഡബ്ല്യുജെയുടെ ഡൽഹി ഘടകം സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ സിദ്ദിഖ് കാപ്പന്‍. അഴിമുഖം എന്ന വാര്‍ത്താവെബ്സൈറ്റിന്‍റെ പ്രതിനിധിയാണ്. സിദ്ദിഖിന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തകയൂണിയന്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോ‌ര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. പുതിയ കുറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ദിഖിന് ജാമ്യം കിട്ടുന്നത് ബുദ്ധിമുട്ടാണ്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ തേജസ്, തത്സമയം എന്നീ ദിനപത്രങ്ങളിലായിരുന്നു സിദ്ദിഖ് കാപ്പന്‍ ജോലി ചെയ്തിരുന്നത്. ഹത്രാസ് സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയ്ക്ക് സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com