ഉന്നാവ് കേസ്: പ്രതിയ്ക്ക് കാന്‍സര്‍; ചികിത്സ നല്‍കണമെന്ന് കോടതി
Top News

ഉന്നാവ് കേസ്: പ്രതിയ്ക്ക് കാന്‍സര്‍; ചികിത്സ നല്‍കണമെന്ന് കോടതി

ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് അതുല്‍ ശിക്ഷ അനുഭവിക്കുന്നത്.

News Desk

News Desk

ന്യൂഡല്‍ഹി: ഉന്നാവ് കേസില്‍ പത്തുവര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന അതുല്‍ സേംഗറിന് കാന്‍സര്‍. ഉന്നാവ് ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സേംഗറുടെ സഹോദരനാണ് അതുല്‍ സേംഗര്‍. കുല്‍ദീപ് സേംഗറെ ബിജെപിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് അതുല്‍ ശിക്ഷ അനുഭവിക്കുന്നത്.

അതുലിന് വായ്ക്കുള്ളില്‍ കാന്‍സറാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ചികിത്സയ്ക്കായി പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിച്ച കോടതി അയാള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതുല്‍ വന്‍ സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ അയാള്‍ക്ക് കസ്‌റ്റോഡിയല്‍ പരോള്‍ മാത്രമെ അനുവദിക്കാവൂ എന്ന സിബിഐ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് അയാള്‍ക്ക് മതിയായ ചികിത്സ നല്‍കാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ അതുലും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും പിതാവിനെതിരെ കള്ളക്കേസ് എടുപ്പിച്ചുവെന്നുമാണ് ആരോപണമെന്നും അയാള്‍ക്ക് പരോള്‍ ലഭിച്ചാല്‍ കേസുമായി ബന്ധമുള്ള മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Anweshanam
www.anweshanam.com