യൂണിടാക് ഇടപാടുകൾ; കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് അന്വേഷണം നീളുന്നു
ബ്ലാസ്റ്റേഴ്‌സിന്റെ അന്നത്തെ ജഴ്‌സിയിൽ ‘സ്ലീവ് സ്‌പോൺസർ’ എന്നനിലയിൽ യൂണിടാക് പങ്കാളിയായിരുന്നു.
യൂണിടാക് ഇടപാടുകൾ; കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് അന്വേഷണം നീളുന്നു

കൊച്ചി: ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോൺസർമാർ ആയിരുന്നുവെന്നു കണ്ടെത്തിയത്.

പ്രധാന സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്തണമെന്ന് അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിടാക് എംഡി സന്തോഷ് ഈപ്പൻ ഇക്കാര്യം പറഞ്ഞിരുന്നില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ഉപയോഗിച്ച് യൂണിടാക് പരസ്യചിത്രവും നിർമിച്ചിരുന്നു. യുഎഇ റെഡ്ക്രസന്റുമായുള്ള ഇടപാടിനുശേഷവും അതിന് രണ്ടുവർഷം മുമ്പുമുള്ള യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.

ലൈഫ് മിഷൻ കരാർ യാദൃച്ഛികമായി യൂണിടാക്കിന് ലഭിച്ചതല്ലെന്നാണ് വിലയിരുത്തുന്നത്. 18 കോടി രൂപയുടെ കരാർ ലഭിക്കണമെങ്കിൽ മുൻപും ഇടപാടുകൾ നടന്നിരിക്കാം. ലൈഫ് മിഷൻ കരാറിനു മുൻപ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിലും സ്വപ്‌നാ സുരേഷിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

ഇതിനിടെയാണ് റെഡ്ക്രസന്റുമായി കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള വർഷം ബ്ലാസ്റ്റേഴ്‌സിന്റെ സ്പോൺസർമാരിൽ യൂണിടാക്കിന്റെ പേര് കണ്ടെത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ അന്നത്തെ ജഴ്‌സിയിൽ ‘സ്ലീവ് സ്‌പോൺസർ’ എന്നനിലയിൽ യൂണിടാക് പങ്കാളിയായിരുന്നു. എത്ര രൂപയുടെ ഇടപാടാണ് ഇതെന്നു കണ്ടെത്തിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് പോലൊരു ടീമിന്റെ സ്‌പോൺസർ ആകാനുള്ള സാമ്പത്തികശേഷി യൂണിടാക്കിന് കൈവന്നിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് ഉടമകളും ഒഫീഷ്യൽസും ഈ സീസണുശേഷം മാറിയിരുന്നു. അന്നത്തെ സാമ്പത്തികഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.

Related Stories

Anweshanam
www.anweshanam.com