ഒടുവില്‍ രജനീകാന്തും കൈവിട്ടു; ചര്‍ച്ചകള്‍ ഫലം കാണാതെ അമിത് ഷാ മടങ്ങി

ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബിജെപി നേതൃത്വത്തെ അറിയിച്ചു.
ഒടുവില്‍ രജനീകാന്തും കൈവിട്ടു; ചര്‍ച്ചകള്‍ ഫലം കാണാതെ അമിത് ഷാ മടങ്ങി

ചെന്നൈ: തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാന്‍ രജനീകാന്തിനെ ഒപ്പം നിര്‍ത്താനുള്ള ബിജെപി ശ്രമം വിഫലമായി. ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ബിജെപി നേതൃത്വത്തെ അറിയിച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രജനികാന്തുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങി.

എന്നാല്‍ രജനികാന്തിന്റെ പിന്തുണയുറപ്പിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള താരത്തിന്റെ പിന്തുണയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. ചെന്നൈയിലെത്തിയ അമിത് ഷായുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂര്‍ കൂടിക്കാഴ്ച നീണ്ടു. രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗുരുമൂര്‍ത്തി അമിത് ഷായെ കണ്ടത്. ഇന്നലെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത അമിത്ഷാ സഖ്യചര്‍ച്ചകള്‍ തനിക്ക് വിട്ടേക്കൂവെന്നും താഴേത്തട്ടില്‍ പ്രചാരണത്തില്‍ ശ്രദ്ധിക്കൂ എന്നും നേതാക്കളോട് പറഞ്ഞു. രജനീകാന്തുമായി ചര്‍ച്ച നടന്നെന്ന് വ്യക്തമാക്കിയ അദ്ദേഹം കൃത്യമായ സമയത്ത് നല്ല പ്രഖ്യാപനം ഉണ്ടാകുമെന്നും വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയും ആയി സഖ്യം തുടരുമെന്ന് അമിത്ഷായും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും പ്രഖ്യാപിച്ചു. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പ്രാഥമികമായി നടന്നു. കരുണാനിധിയുടെ മൂത്ത മകന്‍ എംകെ അഴഗിരിയെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടാണ് അമിത് ഷാ ചെന്നൈയില്‍ നിന്ന് മടങ്ങിയത്.

Related Stories

Anweshanam
www.anweshanam.com