തെരഞ്ഞെടുപ്പ് വിധി എതിരല്ല; ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ലെന്ന് യുഡിഎഫ് നേതാക്കൾ

ബിജെപിക്കും നേട്ടമൊന്നുമില്ല. സിപിഎമ്മിന് അമിതമായി ആഹ്ളാദിക്കാൻ വഴി ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
തെരഞ്ഞെടുപ്പ് വിധി എതിരല്ല; ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ലെന്ന് യുഡിഎഫ് നേതാക്കൾ

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ ജനവിധി യുഡിഎഫിന് എതിരല്ലെന്ന് നേതാക്കൾ. തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി ‌രാമചന്ദ്രൻ പ്രതികരിച്ചു. യുഡിഎഫ് അടിത്തറയ്ക്ക് കോട്ടമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം എല്ലാ അര്‍ത്ഥത്തിലും പരിശോധിക്കും. ഗ്രാമപഞ്ചായത്തുകളിൽ മികച്ച പ്രകടനം നടത്താൻ ആയി. മുൻസിപ്പാലിറ്റികളിലും മികച്ച പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. ബിജെപിക്കും നേട്ടമൊന്നുമില്ല. സിപിഎമ്മിന് അമിതമായി ആഹ്ളാദിക്കാൻ വഴി ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിക്കും. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂർണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത്. അക്കാര്യത്തിലാണ് ഇടതുപക്ഷത്തിന് മുൻതൂക്കം. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചു നോക്കിയാൽ മറ്റെല്ലാ തെരഞ്ഞെടുപ്പിലും ഇടുപക്ഷമാണ് വിജയിച്ചത്. കേരളത്തിലെ സർക്കാരിന്റെ മുഴുവൻ സ്വാധീനവും ഉപയോ​ഗിച്ചിട്ടും എൽഡിഎഫിന് 2015നേക്കാൾ മെച്ചപ്പെടാനായില്ല. സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതികൾ കേരളത്തിലെ ജനങ്ങൾ വെള്ളപൂശിയെന്ന എൽഡിഎഫിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിൽ ബിജെപിക്ക് സ്ഥാനമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തമായി. ഏതാനും പോക്കറ്റുകളിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനം. കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ ബിജെപിക്കായില്ല. ബിജെപി പൂർണ പരാജയമാണെന്നും രമേശ് ചെന്നിത്തല കൂട്ടച്ചേർത്തു.

പുതുപ്പളളിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ യുഡിഎഫിനാണ് നേട്ടമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തിപരമായ കാര്യങ്ങളാണ് നിര്‍ണായകമാകുകയെന്നും അദ്ദേഹം പറഞ്ഞു.

രണ്ടില ചിഹ്നം യുഡിഎഫിന്റേതാണെന്ന് പ്രചാരണമുണ്ടായെന്ന് പി ജെ ജോസഫ് പ്രതികരിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com