സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറും
Top News

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറും

By News Desk

Published on :

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെ യുഎഇ ഇന്ത്യക്ക് കൈമാറും. ഫൈസല്‍ ഫരീദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. ഫൈസല്‍ ഫരീദ് ദുബായ് പൊലീസിന്റെ നിരീക്ഷണത്തിലാണുള്ളത്. പ്രതിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ കാര്യം ഇന്ത്യന്‍ എംബസി യുഎഇ അധികൃതരെ അറിയിച്ചിരുന്നു.

ഇന്ത്യയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് യുഎഇ കേസിലെ മൂന്നാംപ്രതിയായ ഫൈസല്‍ ഫരീദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇന്റര്‍പോള്‍ പ്രതിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. യുഎഇ പ്രതി ഫൈസല്‍ ഫരീദിനെ എപ്പോള്‍ ഇന്ത്യക്ക് കൈമാറും എന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, വ്യാജ രേഖകളുടെ നിര്‍മാണം, കള്ളക്കടത്തില്‍ സജീവ പങ്കാളിത്തം തുടങ്ങിയ കുറ്റങ്ങളാണ് ഇന്ത്യ ഫൈസല്‍ ഫരീദിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പേര് ഉയര്‍ന്നു വന്നപ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്നു. അഭിഭാഷകരുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വീണ്ടും വരുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇയാളെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

Anweshanam
www.anweshanam.com