ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ചിന്‍ഗാമില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്
ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. കുല്‍ഗാമിലെ ചിന്‍ഗാം ഗ്രാമത്തിലാണ് സംഭവം. മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ചിന്‍ഗാമില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സൈനികര്‍ക്കു നേരെ ശക്തമായ ആക്രമണം തന്നെയാണ് ഇവര്‍ നടത്തിയതെന്നാണ് സേനവൃത്തങ്ങള്‍ നല്‍കുന്ന വിവരം. 'കുല്‍ഗാം ഏറ്റുമുട്ടലില്‍ അജ്ഞാതരായ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്' - പൊലീസ് അറിയിച്ചു.

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. പ്രദേശം പൂര്‍ണ്ണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

Related Stories

Anweshanam
www.anweshanam.com