
ന്യൂഡൽഹി: ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ ആശങ്കയില്‍ ഇന്ത്യ. നേരത്തെ സ്ഥിരീകരിച്ച ആറ് പേർക്ക് പുറമെ രാജ്യത്ത് രണ്ടുപേര്‍ക്ക് കൂടി വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ ഉത്തര്‍പ്രദേശ് മീററ്റ് സ്വദേശിയാണ് വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍.
ഇയാളുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 21-ന് യുകെയില്‍ നിന്ന് ആന്ധ്രപ്രദേശില്‍ എത്തിയ ഒരു സ്ത്രീക്കും വകഭേദം വന്ന വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആന്ധ്രയില്‍ വന്ന സ്ത്രീയുടെ സമ്പര്‍ക്ക പട്ടിക ശേഖരിച്ചുവരികയാണ്.
ഡിസംബര്‍ ഒന്‍പതിനും 22 നും ഇടയില്‍ വിദേശത്തുനിന്നു വന്നവരുടെ സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുകയാണ്. ഡല്‍ഹി, ഹൈദരബാദ്, ഭുവനേശ്വര്‍, ബംഗളൂരു, ബംഗാള്‍, പൂനെ എന്നിവിടങ്ങളിലെ 10 ലാബുകളില്‍ വിദഗ്ധ പരിശോധന നടക്കുണ്ട്. യുകെയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയത് 31 ന് ശേഷവും നീട്ടേണ്ടിവരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
റിപ്പബ്ലിക്ക് ദിനാഘോഷവും ചുരുക്കിയേക്കും. സീറ്റുകളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.