സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം
Top News

സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം

മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ സ്വദേശികളാണ് മരിച്ചത്.

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് കോവിഡ് മരണം കൂടി. തമിഴ്നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്. എസ്എടി ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു വിജയയുടെ മരണം. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞതാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം വിജയ പെണ്‍കുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചു. മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെയാണ് പ്രതാപന്‍ മരിച്ചത്. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതോടെ, സംസ്ഥാനത്ത് ഇന്ന് കോവിഡ് ചികിത്സയിലിക്കെ മരിച്ചവരുടെ എണ്ണം ഏഴായി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി ഇല്യാസ് (47 ) മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. എറണാകുളത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവ തായ്‌ക്കാട്ടുകാര സദാനന്ദൻ(57), മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയിൽ വൃന്ദ ജീവൻ (54) എന്നിവരാണ് മരിച്ചത്.

സദാനന്ദന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അർബുദബാധിതയായിരുന്നു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.

വടകര റൂറൽ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിൻ ബാബുവും മാവൂർ സ്വദേശിയായ സുലുവുമാണ് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്പാണ് ഷാഹിൻ ബാബുവിന് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സുലു അർബുദ രോഗിയായിരുന്നു.

Anweshanam
www.anweshanam.com