ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് കര്‍ഷക പ്രതിഷേധം

രാജ്യത്തെമ്പാടും പ്രതിഷേധ പരിപാടികളുമായി സജീവമാകുകയാണ് കര്‍ഷകര്‍.
ഇന്ത്യാഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച് കര്‍ഷക പ്രതിഷേധം

ന്യൂ ഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കര്‍ഷക പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ന്യൂ ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചു- എഎന്‍ഐ റിപ്പോര്‍ട്ട്.

പൊലീസും അഗ്നിശമന സേനയുമെത്തിയാണ് ട്രാക്റ്റര്‍ സ്ഥലത്തു നിന്ന് നീക്കിയത്. ഡല്‍ഹിയില്‍ ഇരുപതോളം പേര്‍ ചേര്‍ന്നാണ് രാവിലെ 7.30 ഓട് കൂടി ട്രാക്ടര്‍ കത്തിച്ചത്. വീണ്ടും രാജ്യത്തെമ്പാടും പ്രതിഷേധ പരിപാടികളുമായി സജീവമാകുകയാണ് കര്‍ഷകരിപ്പോള്‍.

കര്‍ഷക പ്രതിഷേധം ഏറ്റവും ശക്തമായ പഞ്ചാബില്‍ ഏതറ്റംവരെയും പോയി കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ സംസ്ഥാന നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത് പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിച്ചാണെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം പൊളിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ബില്ലിന്മേല്‍ വോട്ടെടുപ്പ് നടത്തുന്നതിനായി മനഃപൂര്‍വം സമയം നീട്ടിനല്‍കുകയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്നതാണ് രാജ്യസഭയില്‍ നിന്നുള്ള ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

Anweshanam
www.anweshanam.com