ഇ​ന്ന്​ അ​ത്തം ഒ​ന്ന്; മഹാമാരിക്കാലത്തെ ഓണത്തിലേക്ക് ഇനി പത്ത് നാൾ
Top News

ഇ​ന്ന്​ അ​ത്തം ഒ​ന്ന്; മഹാമാരിക്കാലത്തെ ഓണത്തിലേക്ക് ഇനി പത്ത് നാൾ

ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പം, നാട്ടുനന്മകൾ രുചിച്ചുള്ളതാകാം

News Desk

News Desk

ഇ​ന്ന്​ അ​ത്തം ഒ​ന്ന്. മഹാമാരിക്കാലത്തെ ഓണത്തിലേക്ക് ഇനി പത്ത് നാൾ. ജനങ്ങളുടെ അഭിവൃദ്ധിക്കും നന്മക്കുമായി നാടുഭരിച്ചിരുന്ന മഹാബലിയെ വരവേല്‍ക്കാനായി മലയാളികള്‍ ഒരുങ്ങിനില്‍ക്കുന്നതാണ് ഓണം എന്നാണ് ഐതിഹ്യം. ഇല്ലായ്മകള്‍ എല്ലാം മാറ്റിവെച്ച്‌ ഓണം ആഘോഷിക്കണം എന്നാണ് പഴമക്കാര്‍ പറയാറ്. എന്നാൽ ഇക്കുറി കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ആവശ്യമാണ്.

കഴിഞ്ഞ കുറച്ച് കാലമായി ഓണം നാട്ടു വിഭവങ്ങളിൽ നിന്ന് മാറി വാണിജ്യ ചരക്കായിരുന്നു. ഇതോടെ പഴയകാല ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും മാറ്റം വന്നിരുന്നു. എന്നാൽ ഈ ഓണം അതിനെ എല്ലാം തിരിച്ചു പിടിക്കാൻ ഉള്ളതാണ്. ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പം, നാട്ടുനന്മകൾ രുചിച്ചുള്ളതാകാം. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ തുടരേണ്ടതിനാൽ ഈ ഓണാഘോഷം കുടുംബത്തോടൊപ്പം നമ്മുടെ തൊടിയിലെ പൂക്കളും മറ്റുമായി ആഘോഷിക്കാം. പണം കൊടുത്ത് വാങ്ങുന്ന പൂക്കൾക്ക് പകരം തുമ്പയും കാക്കപ്പൂവും മുക്കുറ്റിയും വീണ്ടും നമ്മുടെ മുറ്റങ്ങളിൽ ഇടം പിടിക്കണം.

അത്തം നാള്‍ മുതല്‍ തുടങ്ങുന്ന ആളുകളെ പങ്കെടുപ്പിച്ചുള്ള പൂക്കളമത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണമത്സരങ്ങള്‍ മാറ്റിവെക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ചേര്‍ന്നുള്ള പൂക്കളം ഒരുക്കല്‍ ഒഴിവാക്കണം. പൂക്കളമൊരുക്കിക്കഴിഞ്ഞാലുടന്‍ കൈ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കഴുകണം, ഓണത്തോടനുബന്ധിച്ചുള്ള യാത്രകള്‍ ഒഴിവാക്കുക, ചെറിയ കുട്ടികളുമായുള്ള യാത്രകള്‍, ഷോപ്പിങ്​ എന്നിവ ഒഴിവാക്കുക, തിരക്കുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കുക, മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നീ മാനദണ്ഡങ്ങള്‍ മറക്കാതെ പാലിക്കുക, വിനോദയാത്രകള്‍ ഒഴിവാക്കുക തുടങ്ങിയ ജാഗ്രത നിര്‍ദേശങ്ങളോടെയാണ്​ ഓണത്തെ വരവേൽക്കാൻ ഒരുങ്ങേണ്ടത്.

Anweshanam
www.anweshanam.com