തൃശൂര്‍ പൂരം സമാപിച്ചു; 2022 മെയ് പത്തിന് അടുത്ത പൂരം

ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്.
തൃശൂര്‍ പൂരം സമാപിച്ചു; 2022 മെയ് പത്തിന് അടുത്ത പൂരം

തൃശൂര്‍: തൃശൂര്‍ പൂരം സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകള്‍ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വര്‍ഷത്തെ പൂരത്തിന്റെ ചടങ്ങുകള്‍ സമാപിച്ചത്.

ഉച്ചവരെ ഉണ്ടാവാറുള്ള പകല്‍പ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂര്‍ത്തിയാക്കിയാണ് തൃശ്ശൂര്‍ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. അടുത്ത തൃശ്ശൂര്‍ പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമാണ് ഈ പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത തൃശ്ശൂര്‍ പൂരം. മെയ് പതിനൊന്നിനായിരിക്കും പകല്‍പ്പൂരം.

അതേസമയം, തൃശൂര്‍ പൂരത്തിനിടെ മരം വീണുണ്ടായ അകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ സമയമെടുത്ത് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.

ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍മരത്തിന്റെ ശാഖ പന്ത്രണ്ടോടെ പൊട്ടി വീഴുകയായിരുന്നു. മരം വീണ ഉടന്‍ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചു. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ഇത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തെ തുടര്‍ന്ന് തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com