സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡി-സിഎജി ഗൂഢാലോചന: തോമസ് ഐസക്

ഇ ഡിയുടെ നടപടിക്ക് എതിരെ പ്രതിപക്ഷ നേതാവ് എന്തിന് മൗനം പാലിക്കുന്നുവെന്ന് ധനമന്ത്രി ചോദിച്ചു
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡി-സിഎജി ഗൂഢാലോചന: തോമസ് ഐസക്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ധനമന്ത്രി തോമസ് ഐസക്. എന്‍ഫോഴ്‌സ്‌മെന്റ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നുവെന്നും, തലക്കെട്ട് പോലും എങ്ങനെ വേണമെന്ന് ഉപദേശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎജിയും ഇ.ഡിയും കൂടി ഗൂഢാലോചന നടത്തുന്നുവെന്നും മന്ത്രി തുറന്നടിച്ചു.

സഭയില്‍ സമര്‍പ്പിക്കാത്ത സിഎജി റിപ്പോര്‍ട്ട് വച്ച് ഇ ഡി നടപടിയെടുക്കുന്നു. ഇ ഡി നടത്തുന്നത് നിയമസഭയോടുള്ള അവഹേളനമാണ്. ഇത് ഗൗരവതരമായ വിഷയമാണ്. ഇ ഡിയുടെ നടപടിക്ക് എതിരെ പ്രതിപക്ഷ നേതാവ് എന്തിന് മൗനം പാലിക്കുന്നുവെന്ന് ധനമന്ത്രി ചോദിച്ചു.

ഗൂഢാലോചന തെളിയിക്കാന്‍ വാട്‌സാപ്പ് സന്ദേശം ധനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഇഡി മാധ്യമങ്ങള്‍ക്ക് അയച്ച തലക്കെട്ടോടെയുള്ള സന്ദേശം അസാധാരണമാണ്. കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാൻ സര്ക്കാരിനെ കിട്ടില്ല. നിമപരമായി നേരിടാനാണ് തീരുമാനം എന്നും ഐസക് പറഞ്ഞു.

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ പിഎസിക്കാണ് അവകാശം. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. കോടതിയെ നിയമാഭിപ്രായം തേടിയ ശേഷം സമീപിക്കും. ഒരു പദ്ധതിയും മുടങ്ങില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com