തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളി

കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കേന്ദ്രം.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ടെൻഡർ നടപടിയുമായി സഹകരിച്ചശേഷം പിന്നീട് തെറ്റാണെന്നു പറയുന്നതും ന്യായീകരിക്കാൻ ആകില്ല.

ഒരു എയർപോര്‍ട്ടിന്‍റെ ലാഭം മറ്റൊരു എയർപോർട്ടിലേക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നതും ശരിയല്ലെന്ന് കോടതി നീരിക്ഷിച്ചു. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം.

ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു. ലേല നടപടികൾ അദാനിക്ക് വേണ്ടി ടൈലർ മെയ്ഡ് ആണെന്ന സർക്കാർ വാദവും കോടതി തള്ളി. കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്. വിശാലമായ പൊതു താല്പര്യം മുൻ നിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

രാഷ്ട്രീയമായും നിയമപരമായും സംസ്ഥാന സർക്കാർ ഉയർത്തിയ കടുത്ത എതിർപ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനമായത്. രണ്ട് വർഷം മുൻപാണ് വിമാനത്താവള സ്വകാര്യവൽക്കരണത്തിന് നീക്കം തുടങ്ങുന്നത്.

Related Stories

Anweshanam
www.anweshanam.com