സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും

309 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ തിയറ്ററുകള്‍ തുറക്കുന്നത്
സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും

കൊച്ചി: കോവിഡ് വ്യപാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും. വിജയ്‌യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ രാവിലെ ഒന്‍പത് മണിക്ക് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി തിയറ്ററുകള്‍ പ്രദര്‍ശനത്തിന് സജ്ജമായിക്കഴിഞ്ഞു.

309 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ തിയറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം പ്രവേശനം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ഷോയ്ക്ക് ശേഷവും മുഴുവന്‍ വാതിലുകളും തുറന്നിട്ട് തിയറ്റര്‍ അണുനശീകരണം നടത്തും. കൗണ്ടറിലെ ആള്‍ക്കൂട്ടവും പേപ്പര്‍ ടിക്കറ്റും ഒഴിവാക്കാന്‍ ഭൂരിഭാഗം തിയറ്ററുകളിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസും രംഗത്തുണ്ടാകും.

വിജയ്‌യും വിജയ് സേതുപതിയും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മാസ്റ്റർ ആണ് ആദ്യ പ്രദർശനം നടത്തുന്നത്. അഞ്ഞൂറോളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ദിവസേന മൂന്ന് ഷോകളാണുള്ളത്. വരുന്ന രണ്ടു ദിവസങ്ങളിലെ മുഴുവന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടത് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് വലിയ പ്രതീക്ഷയാണ്.

മാസ്റ്ററിന് പിന്നാലെ പ്രദര്‍ശനത്തിനെത്താന്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കി 11 മലയാളസിനിമകള്‍ തയാറാണ്. ഒട്ടുമിക്ക തിയറ്ററുകളിലും ഇന്നത്തെ ആദ്യ ഷോകള്‍ ഫാന്‍സിന് വേണ്ടിയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com