താജ്‌മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്.
താജ്‌മഹലും ആഗ്ര കോട്ടയും സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുന്നു

ആഗ്ര: ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ ഈ മാസം 21ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. ലോക്ഡൗണ്‍ കാരണം ബഫര്‍ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്തംബര്‍ 1 മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല. പിന്നീട് സെപ്തംബര്‍ 21 ന് താജ്മഹല്‍ തുറക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

താജ്‌മഹലില്‍ ദിവസം 5000 പേരെയും ആഗ്ര കോട്ടയില്‍ 2500 പേരെയും മാത്രമേ പ്രതിദിനം സന്ദര്‍ശിക്കാന്‍ അനുവദിക്കൂ. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്‌ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം ഏറ്റവുമധികം പ്രതിസന്ധിയിലായത് ടൂറിസ്റ്റ് വ്യവസായമാണ്. താജ്മഹല്‍ വീണ്ടും തുറക്കുന്നതോടെ ഹോട്ടല്‍ മേഖലയും ഉണരുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ഹോട്ടല്‍ വ്യവസായ രംഗത്തുള്ളവര്‍ വ്യക്തമാക്കി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com