രാജമലയില്‍ മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു; മരിച്ചവരുടെ എണ്ണം 26 ആയി
Top News

രാജമലയില്‍ മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു; മരിച്ചവരുടെ എണ്ണം 26 ആയി

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തും.

News Desk

News Desk

രാജമല: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി മൂന്നാം ദിവസവും തെരച്ചില്‍ തുടരുന്നു. ഇന്നലെ വൈകീട്ട് നിര്‍ത്തിവച്ച തെരച്ചില്‍ ഇന്ന് രാവിലെയോടെയാണ് വീണ്ടും ആരംഭിച്ചത്. രക്ഷാദൗത്യത്തിന് തിരുവനന്തപുരത്തു നിന്ന് അഗ്നിശമനസേനയെത്തും. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് 200 ദുരന്തനിവാരണ സേനാംഗങ്ങള്‍ തിരച്ചില്‍ നടത്തും, ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡും പരിശോധന നടത്തും. ഇതുവരെ 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഒമ്പത് മണിയോടെ ദുരന്തഭൂമിയിലെത്തും. 12 മണിയോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രാജമല സന്ദര്‍ശിക്കും. മന്ത്രി എംഎം മണിയുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ട്.

ഇന്നലെ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടം നടക്കുമ്പോള്‍ 78 പേരുണ്ടെന്നായിരുന്നെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, പ്രദേശത്തെ ചിലരുടെ ബന്ധുക്കളടക്കം 83 പേര്‍ ദുരന്തത്തില്‍ പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ 45 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. 12 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. രാജമലയിലെ നൈമക്കാട് ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച മോര്‍ച്ചറിയില്‍ ഇന്നലെ 18 മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. തുടര്‍ന്ന് രാജമല എസ്റ്റേറ്റില്‍ തന്നെ വലിയ കുഴിയെടുത്ത് ഒരുമിച്ച് സംസ്‌കരിച്ചു. ബാക്കി മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം സംസ്‌കരിക്കും.

Anweshanam
www.anweshanam.com