രാജ്യത്തിന് മുഴുവന്‍ സൗജന്യ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണം: മുഖ്യമന്ത്രി

കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു
രാജ്യത്തിന് മുഴുവന്‍ സൗജന്യ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ വാക്സീൻ നയം സംസ്ഥാന സർക്കാറിന് അധിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയില്‍ പണമുള‌ളവര്‍ മാത്രം വാക്‌സിന്‍ വാങ്ങട്ടെ എന്ന നയം ശരിയല്ല. ഒരു ഡോസ് വാക്‌സിന്റെ വില 400 രൂപയാണ്. സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ വാങ്ങാന്‍ 1300 കോടി രൂപയാകും. വാക്‌സിന്‍ നയം സംസ്ഥാനങ്ങള്‍ക്ക് അധിക ഭാരം നല്‍കുന്നു. രാജ്യത്ത് മുഴുവന്‍ സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്രത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കാൻ നിന്നാൽ വാക്സിനേഷൻ നടപടി വൈകിപ്പോകും, ജനങ്ങളുടെ ജീവനന്റെ കാര്യമായതിനാൽ കാത്തിരിക്കാനാവില്ല. അതാണ് വാക്സീൻ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കിയത്.

നിലവിൽ നൽകിയ വാക്സിന് പണം ഈടാക്കിയിട്ടില്ല. ഇനിയുള്ള വാക്സീൻ നടപടികൾക്ക് അമ്പത് ശതമാനം സംസ്ഥാനം നൽകാനാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ബാധ്യത തന്നെയാണ് 1300 കോടിയോളും വരുമെന്ന് പറഞ്ഞതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. 45 വയസിന് മുകളിലുള്ള 1.13 കോടി പേർ കേരളത്തിലുണ്ട്. നിലവിൽ ബാക്കിയുള്ള വാക്സീൻ രണ്ട് ദിവസം കൊണ്ട് തീരുമെന്നും അദ്ദേഹം പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഉടന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് വിധേയരാകണം. ഫലം വരും വരെ അവര്‍ ഐസൊലേഷനില്‍ കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ സാഹചര്യം നിര്‍ണായകമാണ്. നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പറയാതെ തന്നെ ജനങ്ങള്‍ സംഭാവന നല്‍കാന്‍ മുന്നോട്ട് വന്നു. ഇത് സ്വാഗതാര്‍ഹമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒത്തൊരുമിച്ച കേരളജനത ലോകത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

വാക്‌സിനുകള്‍ വാങ്ങാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും ചെയ്യണം. വാക്‌സിന്‍ വാങ്ങുന്നതിനായി നല്‍കുന്ന തുക സംഭരിക്കാന്‍ സി.എം.ഡി.ആര്‍.എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ വാങ്ങുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഇന്നലെ മുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നു മാത്രം ഒരു കോടിയില്‍ അധികം രൂപയാണ് എത്തിയത്. വാക്‌സിന്‍ സ്വീകരിച്ച്, കുറച്ചു പേര്‍ക്കുള്ള വാക്‌സിന്‍ എന്റെ വക നല്‍കുന്നു എന്ന നിലപാടാണ് പലരും കൈക്കൊണ്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com