ജില്ലാ കളക്ടർമാരുടെ യോഗം; തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി ടീക്കാറാം മീണ

ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി വിലയിരുത്തനായിരുന്നു യോഗം വിളിച്ചത്
ജില്ലാ കളക്ടർമാരുടെ യോഗം; തദ്ദേശ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി ടീക്കാറാം മീണ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി.

ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി വിലയിരുത്തനായിരുന്നു യോഗം വിളിച്ചത്. ഇത് തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം തേടിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ വിശദമായി മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ നിർദ്ദേശങ്ങൾ നൽകരുതെന്ന് നേരത്തെ അഡീ.ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും മറ്റ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

യോഗം വിളിക്കേണ്ടതോ നിർദ്ദേശം നൽകേണ്ടതോ ആയ അടിയന്തിര സാഹചര്യത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്ന് ടിക്കാ റാം മീണ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com