സ്വപ്‌നയുടെ ശബ്ദരേഖ; നിയമോപദേശം തേടി പൊലീസ്

ജയില്‍ ഡിജിപിയുടെ പരാതിയിലാണ് നിയമോപദേശം തേടിയത്

സ്വപ്‌നയുടെ ശബ്ദരേഖ; നിയമോപദേശം തേടി പൊലീസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ എജിയോട് നിയമോപദേശം തേടി പൊലീസ്. ജയില്‍ ഡിജിപിയുടെ പരാതിയിലാണ് നിയമോപദേശം തേടിയത്. കേസ് എടുത്ത് അന്വേഷണം സാധ്യമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

സ്വപ്‌നയുടെ ശബ്ദരേഖ എങ്ങനെയാണ് വെബ്‌പോര്‍ട്ടലിന് ലഭിച്ചത്, ഇത് റെക്കോഡ് ചെയ്ത വ്യക്തി, തീയതി, സ്ഥലം ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്ത് നല്‍കിയത്. ജയില്‍ വകുപ്പിന്റെ വിശ്വാസം കര്‍ശനമായി സംരക്ഷിക്കണമെന്ന് ഡിജിപി പരാതിയില്‍ ആവശ്യപ്പെട്ടു. ശബ്ദം റെക്കോര്‍ഡ് ചെയ്ത വ്യക്തിയെ കണ്ടെത്തണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന പറഞ്ഞ സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ജയിൽ വകുപ്പിൻ്റെ പരാതിയിൽ ആലോചന തുടരുകയാണ്.

അതേസമയം സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ദക്ഷിണ മേഖലാ ഡിഐജി അജയ്കുമാര്‍ പറഞ്ഞു. ശബ്ദ സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടുമെന്നും ഡിഐജി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചെന്ന പേരിൽ പുറത്ത് വന്ന ശബ്ദസന്ദേശം തൻറേതെന്ന് സ്വപ്ന സുരേഷ് സമ്മതിച്ചതായി ജയിൽ ഡിഐജി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ശബ്ദസന്ദേശം പുറത്തായത് എങ്ങനെയെന്ന് കണ്ടെത്താൻ ജയിൽ മേധാവി ഡിജിപിയോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണം വഴിതെറ്റിക്കാൻ ശബ്ദ സന്ദേശം പുറത്തുവിട്ടുവെന്നാണ് ഇഡിയുടെ സംശയം.

ശബ്ദം തന്‍റേതെന്ന് പറയുമ്പോഴും എവിടെവെച്ച് റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന വ്യക്തമാക്കുന്നില്ല.

Related Stories

Anweshanam
www.anweshanam.com