ഡോളർ കടത്തുകേസ്: സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷികളാകും

സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷികളാകുന്നതോടെ കേസിൽ വൻകിട ആളുകൾ ഉണ്ടെന്ന് കൂടി വ്യക്തമാക്കുകയാണ് കസ്റ്റംസ്
ഡോളർ കടത്തുകേസ്:  സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷികളാകും

കൊച്ചി: ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ്. 100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്‌നയും സരിത്തും മാപ്പ് സാക്ഷികളാകുന്നതോടെ കേസിൽ വൻകിട ആളുകൾ ഉണ്ടെന്ന് കൂടി വ്യക്തമാക്കുകയാണ് കസ്റ്റംസ്. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവും എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.

സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍.

കൂടുതല്‍ പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്നയും സരിത്തും തങ്ങളുടെ രഹസ്യ മൊഴിയിലൂടെ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com