സുശാന്തിന്‍റെ മരണം: സംശയകരമായ പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് കേസെടുത്തു
Top News

സുശാന്തിന്‍റെ മരണം: സംശയകരമായ പണമിടപാടില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് കേസെടുത്തു

കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ (പിഎംഎല്‍എ) പ്രകാരമാണ് കേസെടുത്തത്.

By News Desk

Published on :

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സംശയകരമായ 15 കോടിയുടെ ഇടപാടുകളെക്കുറിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമ (പിഎംഎല്‍എ) പ്രകാരം കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിഹാര്‍ പൊലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നടപടി.

സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് എത്ര തുക കൈമാറിയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ബിഹാര്‍ പൊലീസ് എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പട്‌നയില്‍ നിന്നുള്ള പൊലീസ് സംഘം മൂന്ന് ദിവസമായി മുംബൈയില്‍ ക്യാംപുചെയ്ത് അന്വേഷണം നടത്തുകയാണ്. സുശാന്തും നടി റിയ ചക്രബര്‍ത്തിയും അവരുടെ സഹോദരനും ചേര്‍ന്ന് തുടങ്ങിയ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും കണ്ടെത്താന്‍ ബിഹാര്‍ പൊലീസ് ബാങ്കുകളില്‍ അടക്കം പരിശോധന നടത്തിയിരുന്നു.

സുശാന്തിന്റെ അക്കൗണ്ട് ഉപയോഗിച്ച് റിയ ചക്രബര്‍ത്തി അനധികൃത ഇടപാടുകള്‍ നടത്തിയെന്നും അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചുവെന്നും സുശാന്തിന്റെ അച്ഛന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഇടപാടുകള്‍ നിയമാനുസൃതം ആയിരുന്നുവോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

എന്നാല്‍, ബിഹാര്‍ പൊലീസ് നടത്തുന്ന അന്വേഷണത്തെ മുംബൈ പൊലീസ് എതിര്‍ക്കുന്നുവെന്നാണ് ആരോപണം. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തങ്ങള്‍ അന്വേഷണം നടത്തിക്കൊള്ളാം എന്ന നിലപാടിലാണ് മുംബൈ പൊലീസ്. കേസ് അന്വേഷണത്തില്‍ ബിഹാറിലെയും മുംബൈയിലെയും പോലീസ് സേനകള്‍ക്കിടയിലുള്ള ഭിന്നതയെക്കുറിച്ച് ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി തന്നെയാണ് വെളിപ്പെടുത്തിയത്.

Anweshanam
www.anweshanam.com