കാർഷിക നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് വിമർശനം

സമിതി ചര്‍ച്ച നടത്തുന്നതുവരെ നിയമങ്ങള്‍ മരവിപ്പിച്ചുകൂടേ? അതോ ഞങ്ങള്‍ അതു ചെയ്യണോ? - സുപ്രീം കോടതി
കാർഷിക നിയമ ഭേദഗതി സ്റ്റേ ചെയ്യുമെന്ന് സുപ്രീം കോടതി; കേന്ദ്രത്തിന് വിമർശനം

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധമുയർന്ന കാര്‍ഷിക നിയമങ്ങള്‍ നടപ്പിൽ വരുത്തുന്നത് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചാണ് കോടതിയുടെ ചോദ്യം. സമരത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ കോടതി നിരാശ പ്രകടിപ്പിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിക്കുകയാണെന്ന് കോടതി പറഞ്ഞു. സമിതി ചര്‍ച്ച നടത്തുന്നതുവരെ നിയമങ്ങള്‍ മരവിപ്പിച്ചുകൂടേ? അതോ ഞങ്ങള്‍ അതു ചെയ്യണോ? - സുപ്രീം കോടതി ചോദിച്ചു. നിയമഭേദഗതി സ്റ്റേ ചെയ്യുമെന്ന് പറഞ്ഞ കോടതി നിയമ ഭേദഗതി തത്കാലം നടപ്പിലാക്കരുതെന്നും നിർദേശിച്ചു.

''സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്തു, പ്രായമായവരും സ്ത്രീകളുമെല്ലാം സമരത്തിന്റെ ഭാഗമാണ്. എന്തു ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്? നിയമങ്ങള്‍ക്കെതിരെ ഒട്ടേറെ പരാതികളുണ്ട്, അനുകൂലിച്ച് ഒന്നുപോലുമില്ല''- കോടതി ചൂണ്ടിക്കാട്ടി.

നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരാമര്‍ശം. കര്‍ഷക സമരത്തിനെതിരായ ഹര്‍ജികളും ബെഞ്ച് പരിഗണിച്ചു.

നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്ന കേന്ദ്ര വാദത്തെ വിമര്‍ശനത്തോടെയാണ് കോടതി പരിഗണിച്ചത്. ചര്‍ച്ചകള്‍ നിലച്ച അവസ്ഥയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമത്തിലെ ഓരോ വ്യവസ്ഥയും ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് സര്‍ക്കാരിന്. കര്‍ഷകരാണെങ്കില്‍ നിയമങ്ങള്‍ റദ്ദാക്കണമെന്ന നിലപാടിലും. പിന്നെ എന്തു കൂടിയാലോചനയാണെന്ന് കോടതി ചോദിച്ചു.

അതേസമയം, നിയമ ഭേദഗതിക്ക് തുടക്കമിട്ടത് മുൻസർക്കാരെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ കോടതി ഇത് മുഖവിലയ്ക്ക് എടുത്തില്ലെന്നതാണ് കേന്ദ്രത്തിനെതിരായ വിമർശനം സൂചിപ്പിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com