മുഹറം ഘോഷയാത്രകള്‍ നടത്താന്‍ കഴിയില്ല; സുപ്രീം കോടതി
Top News

മുഹറം ഘോഷയാത്രകള്‍ നടത്താന്‍ കഴിയില്ല; സുപ്രീം കോടതി

ആഘോഷങ്ങള്‍ നടത്തുന്നത് മറ്റ് നിരവധി പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തും.

News Desk

News Desk

ന്യൂ ഡല്‍ഹി: കോവിഡ് രോഗം പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് മുഹറം ദിന ഘോഷയാത്രകള്‍ നടത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ആഘോഷങ്ങള്‍ നടത്തുന്നത് മറ്റ് നിരവധി പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും കോടതി അറിയിച്ചു.

ആഘോഷങ്ങള്‍ ഈ സാഹചര്യത്തില്‍ നടത്തുന്നത് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. രോഗ വ്യാപനത്തിന് കാരണം ഒരു പ്രത്യേക സമുദായത്തിന്റ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള സാധ്യതയുണ്ട് – സുപ്രീം കോടതി വ്യക്തമാക്കി.

‘ഇപ്പോള്‍ ഈ ഘോഷയാത്രകള്‍ രാജ്യത്തുടനീളം അനുവദിക്കുകയാണെങ്കില്‍ ധാരാളം പ്രശ്‌നങ്ങളുണ്ടാകും. ഒരു സമുദായത്തെ പകര്‍ച്ചവ്യാധി പകര്‍ത്തിയെന്നാരോപിച്ച് ചിലര്‍ ലക്ഷ്യമിടും. അത് ഈ സ്ഥിതിയില്‍ അനുവദിക്കാന്‍ കഴിയില്ല- ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രകള്‍ക്ക് അനുമതി വേണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സയ്യിദ് കല്‍ബെ ജവാദ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകവയാണ് കോടതിയുടെ ഈ പരാമര്‍ശം. അതേസമയം രഥയാത്രാ ഉത്സവത്തിന് കോടതി അനുമതി നല്‍കിയതായി ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയെപ്പറ്റിയാണ് നിങ്ങള്‍ പറയുന്നത്. അത് ഒരു പ്രത്യേക പ്രദേശത്ത് നിശ്ചിത വിസ്തീര്‍ണ്ണത്തിനുള്ളില്‍ നടക്കുന്നതാണ്. രാജ്യത്ത് മുഴുവന്‍ മുഹറം ഘോഷയാത്രകള്‍ സംഘടിപ്പിക്കണമെന്നാണ് ഈ ഹര്‍ജിയില്‍ പറയുന്നത്. അത് ഈ സാഹചര്യത്തില്‍ അനുവദിക്കാന്‍ കഴിയില്ല- എസ്എ ബോബ്‌ഡേ പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഘോഷയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനെ നിവൃത്തിയുള്ളുവെന്നും ഒരു പ്രത്യേക പ്രദേശത്ത് മാത്രമായിരുന്നെങ്കില്‍ അനുമതി നല്‍കാമെന്നും കോടതി വ്യക്തമാക്കി.

ഷിയ സമുദായത്തിലെ ധാരാളം മുസ്ലിങ്ങള്‍ യു.പി തലസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും അതിനാല്‍ ലഖ്നൗവില്‍ ഘോഷയാത്രയ്ക്ക് അനുമതി നല്‍കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അനുമതിക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചാല്‍ മതിയെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

Anweshanam
www.anweshanam.com