ഇന്ന് രാത്രിയോടെ ഡൽഹിയിൽ അടിയന്തരമായി ഓക്​സിജൻ എത്തിക്കണം; കേന്ദ്രത്തിന് താക്കീതുമായി സുപ്രീം കോടതി

ഇന്ന് രാത്രിയോടെ ഡൽഹിയിൽ അടിയന്തരമായി ഓക്​സിജൻ എത്തിക്കണം; കേന്ദ്രത്തിന് താക്കീതുമായി സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ്​ വ്യാപനത്തെ തുടർന്ന് ഓക്​സിജൻ കിട്ടാതെ മരിച്ചുവീഴുന്നത്​ നിത്യസംഭവമായ ഡൽഹിയിൽ അടിയന്തരമായി ഓക്​സിജൻ എത്തിക്കണമെന്ന്​ കേ​ന്ദ്രത്തിന്​ സുപ്രീം കോടതിയുടെ താക്കീത്​. തിങ്കളാഴ്ച അർധരാത്രിയോടെ ഓക്സിജൻ എത്തിക്കണം. അടിയന്തര ഘട്ടങ്ങളിൽ പ്രയോജന​പ്പെടുത്താൻ സംസ്​ഥാനങ്ങളുമായി സഹകരിച്ച്​ ഓക്​സിജൻ അധിക സ്​റ്റോക് സംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ജസ്റ്റീസുമാരായ​ ഡി.വൈ. ചന്ദ്രചൂഡ്​, എൽ.എൻ റാവു, എസ്​. രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഓക്​സിജൻ ക്ഷാമം പരിഹരിക്കാൻ 64 പേജടങ്ങിയ ഉത്തരവ്​ നൽകിയത്​. കുട്ടികളുടെ ആശുപത്രിയായ മധുകർ റെയ്​ൻബോ ഉൾപെടെ ഡൽഹിയിലെ നിരവധി ആതുരാലയങ്ങളിലാണ്​ ഓക്​സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നത്​. ഇതുസംബന്ധിച്ച്​ ഡൽഹി ഹൈക്കോടതിയിലും തുടർച്ചയായ വാദംകേൾക്കൽ തുടരുകയാണ്​.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ''ആരും കൂടുതൽ ആവശ്യപ്പെടുന്നില്ല. അത്​ നൽകാനാവില്ലെങ്കിൽ തിങ്കളാഴ്ച നിങ്ങളുടെ വിശദീകരണം തേടും' എന്നായിരുന്നു ഹൈക്കോടതി കേന്ദ്ര സർക്കാറിനു നൽകിയ അന്ത്യശാസനം. പ്രതിദിനം 970 മെട്രിക്​ ടൺ ഓക്​സിജൻ അനുവദിക്കണമെന്നാണ്​ അരവിന്ദ്​ കെജ്​രിവാൾ സർക്കാറിന്‍റെ ആവശ്യം. എന്നാൽ, 590 മെട്രിക്​ ടൺ ആയിരുന്നു ശനിയാഴ്ച അനുവദിച്ചത്​.

തിങ്കളാഴ്​ച പുതുതായി 20,000 ലേറെ കോവിഡ്​ രോഗികൾ റിപ്പോർട്ട്​ ചെയ്​ത ഡൽഹിയിൽ​ മരണം 400 ലേറെയാണ്​. കോവിഡ്​ വാക്​സിൻ വിലയിൽ കേന്ദ്രവും സംസ്​ഥാനങ്ങളും തമ്മിലെ വ്യത്യാസവും പരിഹരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. 50 ശതമാനം വാക്​സിൻ സംസ്​ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി വിൽക്കാൻ നിർമാതാക്കൾക്ക്​ അനുമതി നൽകിയ കേന്ദ്രത്തിന്​ ഒരു വിലയും സംസ്​ഥാനങ്ങൾക്ക്​ ഉയർന്ന വിലയുമാണ്​ ഈടാക്കുന്നത്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com