കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ട്; അവർ വെറും ആൾക്കൂട്ടമല്ല: സുപ്രീം കോടതി

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. കേന്ദ്രവും കർഷകരും ചർച്ച തുടരണം.
കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ട്; അവർ വെറും ആൾക്കൂട്ടമല്ല: സുപ്രീം കോടതി

ന്യൂഡൽഹി: കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി. കർഷക സമരം സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റിയാണ് കോടതിയുടെ നിരീക്ഷണം. ജീവനോ സ്വത്തിനോ ഭീഷണിയാകാതെ എത്രകാലവും സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. കേന്ദ്രവും കർഷകരും ചർച്ച തുടരണം. ഇതിനായി ഒരു സ്വതന്ത്ര സമിതിയെ നിയോഗിക്കാനാണ് തീരുമാനമെന്നും ഇരുകക്ഷികൾക്കും അവരുടെ വാദങ്ങൾ അറിയിക്കാമെന്നും കോടതി നിർദേശിച്ചു. പി. സായിനാഥിനെ പോലെ കാർഷിക മേഖലയിൽ അവഗാഹമുള്ളവർ, ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.

അതേസമയം, ഒരു നഗരത്തെ ഇതുപോലെ സ്തംഭിപ്പിക്കരുതെന്നും അക്രമമാർഗങ്ങളിലേക്ക് നീങ്ങരുതെന്നും കോടതി കർഷകരോട് നിർദേശിച്ചു. കർഷകരോട് കോടതിക്ക് അനുകമ്പയാണുള്ളത്. പക്ഷേ, പ്രതിഷേധ രീതി മാറ്റണം -കോടതി പറഞ്ഞു.

ഡൽഹിയിലുള്ളത് വെറും ജനക്കൂട്ടമല്ലെന്നും കർഷകരാണെന്നും പഞ്ചാബ് സർക്കാറിനായി ഹജരായ കോൺഗ്രസ് നേതാവ് കൂടിയായ പി. ചിദംബരം പറഞ്ഞു. കർഷകരല്ല, പൊലീസാണ് റോഡുകൾ ബ്ലോക്ക് ചെയ്തത്. പൊലീസ് റോഡുകളെല്ലാം അടച്ച ശേഷം കർഷകർ റോഡ് തടയുന്നുവെന്ന് പറയുകയാണ്. ഞങ്ങൾ റോഡ് തടയുകയാണെന്ന് ഏത് കർഷക സംഘടനയാണ് പറഞ്ഞിട്ടുള്ളത് -ചിദംബരം ചോദിച്ചു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് മാത്രം ആവശ്യപ്പെട്ടല്ല കർഷകർ എത്തിയിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു. ആറ് മാസത്തേക്കുള്ള കരുതലുകളുമായാണ് കർഷകർ വന്നത്. യുദ്ധകാലത്താണ് ഇത്തരം ഉപരോധങ്ങൾ കാണാറെന്നും കേന്ദ്രത്തിനായി അറ്റോർണി ജനറൽ അറിയിച്ചു.

എന്നാൽ, ഡൽഹി നഗരത്തിന്‍റെ ഒരു ഭാഗത്ത് മാത്രം കർഷകർ സമരം ചെയ്യുമ്പോൾ നഗരം മുഴുവൻ സ്തംഭിക്കുന്നത് എങ്ങിനെയെന്ന് കോടതി ചോദിച്ചു. എല്ലാ റോഡുകളും തടയുകയാണെന്നായിരുന്നു കേന്ദ്രം മറുപടി നൽകിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com