മൊറട്ടോറിയം കാലത്തെ പലിശ: ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാനാകുമെന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്
മൊറട്ടോറിയം കാലത്തെ പലിശ: ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡൽഹി: മൊറട്ടോറിയം കാലത്ത് വായ്പകള്‍ക്ക് ബാങ്കുകള്‍ പലിശയും പലിശയുടെ മേല്‍ പലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് നീട്ടാനാകുമെന്നാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ബാങ്കുകളും ആര്‍ബിഐയും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ സെപ്റ്റംബര്‍ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ച്‌ തീരുമാനം എടുക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ജസ്റ്റിസ് അശോക്ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചില്ലായിരുന്നു.

മാര്‍ച്ചില്‍ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസര്‍വ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ‍ര്‍ഘിപ്പിച്ചിരുന്നു. മാര്‍ച്ച്‌ ഒന്നു മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്‌ക്കേണ്ടി വരും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com