പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി
Top News

പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി

സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി

News Desk

News Desk

ന്യൂഡൽഹി: കോടതി അലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി വിധിച്ചു. ഒരു രൂപ പിഴയാണ് സുപ്രീം കോടതി വിധിച്ചത്. സെപ്തംബര്‍ 15നകം പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കുകയും ചെയ്യും.

രജിസ്ട്രിയിൽ പണം കെട്ടിവെക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നേരത്തെ സുപ്രീം കോടതി പ്രശാന്ത് ഭൂഷനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. മാപ്പുപറഞ്ഞാല്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞെങ്കിലും തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു പ്രശാന്ത് ഭൂഷണ്‍.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ ആർഎസ്എസ് നേതാവിന്റെ ആഡംബര ബൈക്കില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശത്തിലൂടെ പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതി അലക്ഷ്യം ചെയ്തുവെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് ഭൂഷണിനെ ജയിലിലേക്ക് അയച്ച രക്തസാക്ഷിയാക്കരുതെന്നായിരുന്നു അഭിഭാഷകന്‍ രാജീവ് ധവാന്‍റെ അഭിപ്രായം.

Anweshanam
www.anweshanam.com