കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തം; പ്രചാരണം പോലും പരസ്പര ധാരണയില്‍: മുഖ്യമന്ത്രി

ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തെ വില്പനച്ചരക്കാക്കി. ബിജെപിക്ക് വാങ്ങാവുന്ന വില്പനച്ചരക്കായി കോണ്‍ഗ്രസ് സ്വയം ചുരുങ്ങി. മുഖ്യമന്ത്രി പറഞ്ഞു
കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തം; പ്രചാരണം പോലും പരസ്പര ധാരണയില്‍: മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളതല ധാരണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാകുന്നതായി കഴിഞ്ഞ കുറേ കാലത്തെ അനുഭവങ്ങളിലൂടെ വ്യക്തമാണ്. ഒരാള്‍ രാവിലെ ഒരു ആരോപണം ഉന്നയിക്കുന്നു. മറ്റേ കക്ഷിയുടെ ആള്‍ വൈകുന്നേരം അതേ ആരോപണം ആരോപിക്കുന്നു. ഇരു പാര്‍ട്ടി നേതാക്കളും മാറിമാറി ഇക്കാര്യം ചെയ്യുന്നത് നാട് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയും കൂട്ടുകെട്ടുമുണ്ട്. നേമത്ത് ചോര്‍ന്നു പോയ വോട്ട് യുഡിഎഫ് തിരിച്ച്‌ പിടിക്കണം. വോട്ട് തിരിച്ചു പിടിച്ചാലേ എല്‍ഡിഎഫിന്റെ ഏഴയലത്ത് എത്താന്‍ സാധിക്കുകയുള്ളൂ. നേമത്ത് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ് ശക്തന്‍. ബിജെപി ഇന്ത്യന്‍ ജനാധിപത്യത്തെ വില്പനച്ചരക്കാക്കി. ബിജെപിക്ക് വാങ്ങാവുന്ന വില്പനച്ചരക്കായി കോണ്‍ഗ്രസ് സ്വയം ചുരുങ്ങി. മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നടന്നിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം ഇരു കൂട്ടരും നടത്തുന്നു. പരസ്പര ധാരണയിലാണ് പ്രചാരണം പോലും നടത്തുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നില്ലെന്ന് ആരോപിച്ച് പിഎസ്സിക്കെതിരെ കടുത്ത ആരോപണമാണ് ഇവര്‍ അഴിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ചരിത്രത്തിലെ നിയമന ഉത്തരവ് നൽകുന്നതിൽ പിഎസ്‌സി റെക്കോർഡ് സൃഷ്ടിച്ചു. 158000 പേർക്ക് പിഎസ്സി നിയമന ഉത്തരവ് നൽകി. ഇത് സർവകാല റെക്കോർഡാണ്. അത്തരം നേട്ടം പിഎസ്‌സി ഉണ്ടാക്കിയപ്പോൾ ഇവർ അഭിനന്ദിക്കുന്നതിന് പകരം അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്.

കോണ്‍ഗ്രസിന്റെ സിഎഎ വിരുദ്ധ നിലപാട് എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയിട്ടില്ല. കോണ്‍ഗ്രസ് വര്‍ഗീയ രൂപങ്ങള്‍ സ്വീകരിക്കുന്നു. വര്‍ഗീയ ചിഹ്നങ്ങളുമായി സമരസപ്പെടാന്‍ ശ്രമിക്കുന്നു. നേമത്ത് പുതിയ ശക്തനെ ഇറക്കിയത് പോരാട്ടത്തിനോ ഒത്തുകളിക്കോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ. അവിടെ താമര വിരിയാന്‍ അവസരം നല്‍കിയത് സ്വന്തം വോട്ട് ബിജെപിക്ക് നല്‍കിയ കോണ്‍ഗ്രസാണ്. വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് കാലത്തെ കണ്‍കെട്ട് വിദ്യയല്ല. മതനിരപേക്ഷ കേരളത്തെ തകര്‍ക്കാന്‍ ഇടതുപക്ഷം അനുവദിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com