മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രതിഷേധം.
മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും വിവിധയിടങ്ങളില്‍ നടത്തിയ മാര്‍ച്ചുകള്‍ പൊലീസുമായുളള സംഘര്‍ഷത്തില്‍ കലാശിച്ചു.

സെക്രട്ടേറിയറ്റിലേക്ക് കടക്കാന്‍ ശ്രമിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിന്തിരിപ്പിച്ചത്. കൊച്ചിയിലും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും സമരക്കാര്‍ക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി.

പ്രതിഷേധം തടുക്കാന്‍ മിക്കയിടത്തും പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇപ്പോഴും മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിക്കുകയാണ്. കോട്ടയത്ത് എംഎസ്എഫിന്റെയും കെഎസ്‌യുവിന്റെയും പ്രതിഷേധം നടന്നു. എംഎസ്എഫ് പ്രവര്‍ത്തകര്‍ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കളക്ട്രേറ്റ് ഗേറ്റില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബടായില്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌ക്വയറില്‍ നടന്ന കെഎസ്യു പ്രതിഷേധ സംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം നാല് മണി വരെയാണ് പ്രതിഷേധ സംഗമം.

കട്ടപ്പന മിനി സിവില്‍സ്റ്റേഷനിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ഉണ്ടായി. പ്രവര്‍ത്തകര്‍ തല്ലിക്കയറാന്‍ ശ്രമിച്ചത്തോടെയാണ് പൊലീസ് ലത്തിവീശിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഒമ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മന്ത്രി കെടി ജലീല്‍ മൗനം പാലിക്കുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ ജലീല്‍ കനത്ത പൊലീസ് കാവലില്‍ മന്ത്രി മന്ദിരത്തില്‍ തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com