സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: മുല്ലപ്പള്ളി

കോടികള്‍ ആഡംബരത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റിന്റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്നും മുല്ലപ്പള്ളി
സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: മുല്ലപ്പള്ളി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നട്ടം തിരിയുന്ന സാധാരണ ജനങ്ങള്‍ക്ക് 1000 രൂപയുടെ ഓണക്കിറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് രോഗവ്യാപനം നമ്മുടെ സാമ്ബത്തിക മേഖലയെ ആകെ തകിടം മറിച്ചു. അതിന്റെ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലും പരമ്ബരാഗത മേഖലയിലും പണിയെടുക്കുന്നവരും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ്. പലരുടെയും ജീവിതം നിലവിലെ സാഹചര്യത്തില്‍ ഇരുളടഞ്ഞിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമൃദ്ധിയുടെ ഓണക്കാലം പഞ്ഞകാലമാകുമോയെന്ന ആശങ്ക ഓരോ സാധാരണക്കാരനുമുണ്ട്. സര്‍ക്കാരിന്റെ ക്രിയാത്മക തീരുമാനമാണ് ഇക്കാര്യത്തില്‍ വേണ്ടത്. കോടികള്‍ ആഡംബരത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റിന്റെ കാര്യത്തില്‍ അലംഭാവം കാട്ടരുതെന്നും മുല്ലപ്പള്ളി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com