എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന

10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മാർച്ച് മാസം നടക്കാൻ പോകുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറച്ചേക്കുമെന്ന് സൂചന. പഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്‍.ടിയെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ജനുവരി ഒന്നു മുതൽ സ്കൂളിലെത്തേണ്ട വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും എണ്ണം സ്കൂൾ അധികൃതർക്ക് നിശ്ചയിക്കാം. കുട്ടികളുടെയും അധ്യാപകരുടെ എണ്ണം കുറയ്ക്കാനാണ് ഇത്. ഇതിനും വിശദമായ മാർഗനിർദേശം പുറത്തിറക്കും. സ്‌കൂള്‍തലത്തില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി പിടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും. വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ.

വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ, വിദ്യാര്‍ഥികള്‍ക്ക് പഠനപിന്തുണയും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗും നല്‍കുന്ന തിനുള്ള നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ചും, പരീക്ഷകള്‍ സംബന്ധിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളില്‍ എത്താവുന്നതാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com