കോവിഡ്: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്; മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണത്തിന് സാധ്യത

കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും.
കോവിഡ്: പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്; മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ട്. ധനബില്‍ പാസാക്കാന്‍ കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും യോഗത്തില്‍ പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും മന്ത്രിസഭാ യോഗം ചേരുക.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ നിലവുള്ളതിനെക്കാള്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ട്. ഇക്കാര്യങ്ങള്‍ മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനമൊട്ടാകെ വ്യാപക പരിശോധന നടത്താനുള്ള ആലോചനും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇന്നലെ 927 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com