ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ ഗാന്ധി; പ്രവര്‍ത്തകസമിതിയിൽ പൊട്ടിത്തെറി
Top News

ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ ഗാന്ധി; പ്രവര്‍ത്തകസമിതിയിൽ പൊട്ടിത്തെറി

രാജി ഭീഷണി മുഴക്കി ഗുലാം നബി ആസാദ് രംഗത്തെത്തി. രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബലുംരംഗത്തെത്തി

News Desk

News Desk

ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം പുരോഗമിക്കുന്നു. യോഗത്തിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി. പ്രവർത്തക സമിതി യോഗത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചു. പുതിയ നേതാവിനെ നിശ്ചയിക്കണമെന്ന് സോണിയ അറിയിച്ചു. എക്കാലവും പാർട്ടിയോടൊപ്പം തന്നെ ഉണ്ടാകുമെന്നും സോണിയാഗാന്ധി കത്തിൽ കുറിച്ചു.

അതേസമയം, സോണിയ ഗാന്ധിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട 23 നേതാക്കൾ ചേർന്ന് എഴുതിയ കത്തിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നതായാണ് വിവരം. സോണിയയും രാഹുലും കത്തിനെതിരെ രംഗത്ത് വന്നു. ഇവരെ അനുകൂലിച്ച് എ കെ ആന്റണിയും രംഗത്ത് വന്നു. രാഹുലിനെ അധ്യക്ഷപദവിയിലേക്ക് പിന്തുണച്ച് മുതിർന്ന നേതാക്കൾ എഴുതിയ കത്ത് ഉചിതമായ സമയത്തായിരുന്നുല്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.

ഇതോടെ രാജി ഭീഷണി മുഴക്കി ഗുലാം നബി ആസാദ് രംഗത്തെത്തി. എംപി സ്ഥാനവും രാജിവെക്കാമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബലുംരംഗത്തെത്തി

രാഹുൽ ഗാന്ധിയോട് അധ്യക്ഷപദം എറ്റെടുക്കാൻ സോണിയാ ഗാന്ധി നിർദേശിക്കണമെന്നായിരുന്നു മുതിർന്ന കൊൺഗ്രസ് നേതാക്കളുടെ അഭ്യർത്ഥന. മൻ മോഹൻസിംഗ്, എ.കെ ആന്റണി, മല്ലികാർജുൻ ഖാർഗേ, ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള നേതാക്കളുടെതാണ് അഭ്യർത്ഥന. രാഹുൽ അധ്യക്ഷപദം എറ്റെടുക്കുന്നത് വരെയോ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെയോ അധ്യക്ഷപദം കൈമാറരുതെന്നും അഭ്യർത്ഥനയുണ്ടായിരുന്നു. ഈ രണ്ട് നിർദേശവും സോണിയാ ഗാന്ധി തള്ളി.

സോണിയ ഗാന്ധി രാജി അറിയിച്ച സാഹചര്യത്തില്‍ പകരം ആര് എന്നതാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച തുടരുകയാണ്. നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി മുന്‍മുഖ്യമന്ത്രിമാരും മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 23 നേതാക്കള്‍ ചേര്‍ന്ന് കത്ത് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

കഴിഞ്ഞ ആഗസ്റ്റ് പത്താം തീയതിയാണ് സോണിയാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്തിയത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയായിരുന്നു സോണിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നത്. അതിനകം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്തണമെന്നായിരുന്നു രാഹുല്‍ അടക്കമുള്ളവരുടെ നിലപാട്. രാജസ്ഥാനില്‍ വച്ച്‌ പ്ലീനറി സമ്മേളനം നടത്താനുള്ള ഒരുക്കങ്ങളും ഇതിനിടെ തുടങ്ങിയിരുന്നു. അതിനിടെയാണ് കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടത്.

അനാരോഗ്യം അടക്കമുള്ള കാരണങ്ങള്‍കൊണ്ട് സോണിയ ഗാന്ധി അദ്ധ്യക്ഷ പദവിയില്‍ സജീവമല്ല. രാഹുലാകട്ടെ നേതൃ തലത്തില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കുകയാണ്. അദ്ധ്യക്ഷസ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Anweshanam
www.anweshanam.com