സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ആറുപേര്‍ക്കെതിരായ പരാതിയിലാണ് അന്വേഷണം നടക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍, എപി അബ്ദുല്ലക്കുട്ടി, എന്നിവര്‍ക്കെതിരെയാണ് പരാതി.

2018 ഒക്ടോബറിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ക്കെതിരെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. ഇതിനു പിന്നാലെ മുന്‍മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുളള എന്നിവര്‍ക്കെതിരെയും ലൈംഗിക പീഡന കേസ് ചുമത്തി. ദിവസങ്ങള്‍ നീണ്ട മൊഴിയെടുപ്പിനും ആശയക്കുഴപ്പങ്ങള്‍ക്കും ശേഷമായിരുന്നു കേസെടുത്തത്.

കൂടാതെ എ പി അബ്ദുളളക്കുട്ടിക്കെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുമുണ്ട്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. ആദ്യം നല്‍കിയ പരാതിയില്‍ മൊഴിയെടുത്തെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പുതിയ പരാതി നല്‍കി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com