എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കേസ് നീട്ടാന്‍ സിബിഐ ആവശ്യപ്പെട്ടിരുന്നു.
എസ്എൻസി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂ ഡല്‍ഹി: എസ്എൻസി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. സുപ്രീംകോടതി ആവശ്യപ്പെട്ട കുറിപ്പിനൊപ്പം നൽകേണ്ട രേഖകൾ തയ്യാറാക്കാൻ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ ആവശ്യം അംഗീകരിച്ച് കേസ് മാറ്റിവെക്കാനാണ് സാധ്യത.

രണ്ട് കോടതികൾ ഒരേ തീരുമാനം എടുത്ത കേസിൽ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പരാമര്‍ശം നടത്തിയിരുന്നു. ഒക്ടോബർ എട്ടിന് കേസിൽ വാദം കേട്ടപ്പോൾ, സിബിഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമർപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

2017ലാണ് പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വ്യക്തമായ രേഖകൾ ഇല്ലാതെ ഹൈക്കോടതി വിധിയിൽ ഇടപെടില്ല എന്ന സൂചന കൂടിയാണ് ആ പരാമര്‍ശത്തിലൂടെ സുപ്രീംകോടതി നൽകിയത്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയിൽ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ നൽകിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com