ഡല്‍ഹി കലാപം: ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയും പങ്കാളിയെന്ന് പൊലീസ്

സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ഡല്‍ഹി സർവകലാശാല അധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്
ഡല്‍ഹി കലാപം: ഗൂഢാലോചനയിൽ സീതാറാം യെച്ചൂരിയും പങ്കാളിയെന്ന് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവരെ പ്രതിപ്പട്ടികയില്‍പ്പെടുത്തി ഡല്‍ഹി പോലീസിന്റെ കുറ്റപത്രം. കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയനുസരിച്ച് യെച്ചൂരിയും മറ്റു നേതാക്കളും കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നാണ് പോലീസ് തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തിലുള്ളതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ഡല്‍ഹി സർവകലാശാല അധ്യാപകനും സന്നദ്ധ പ്രവർത്തകനുമായ അപൂർവ്വാനന്ദ്, രാഹുൽ റോയ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. കലാപത്തിന് ഇവര്‍ പ്രോരണ നല്‍കിയിട്ടുണ്ടെന്നാണ് ഡല്‍ഹി പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

പൌരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട അസംതൃപ്തി പ്രകടിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ സമരാനുകൂലികളോട് ഇവർ ആവശ്യപ്പെട്ടുവെന്നാണ് കുറ്റപത്രം പറയുന്നത്. പൌരത്വ ഭേദഗതി നിയമവും പൌരത്വ നിയമവും മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയും അതുവഴി ഇന്ത്യൻ സർക്കാറിൽ അവമതിപ്പുണ്ടാക്കാനുമുള്ള ശ്രമമുണ്ടായതായും അനുബന്ധ കുറ്റപത്രം പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമം പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. ബിജെപിയുടെ നീക്കത്തില്‍ ഭയപ്പെടുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

ഫെബ്രുവരി 23 നും 26 നും ഇടയിൽ നോർത്ത് ഈസ്റ്റ് ജില്ലയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 581 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ 97 പേർക്ക് വെടിയേറ്റ് മുറിവേൽക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam
www.anweshanam.com