ഒടുവിൽ നീതി; സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റർ സെഫിക്കുമാണ് ജീവപര്യന്തം ശിക്ഷ
ഒടുവിൽ നീതി; സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റർ സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് ലഭിച്ചത്. ഇരുവർക്കും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പ്രതികൾക്ക് പരമാവധി ശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ഇന്ന് ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ല എന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി നൽകിയത്. കൊലക്കുറ്റം തെളിഞ്ഞെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതിക്രമിച്ച് കടന്ന് കുറ്റകൃത്യം നടത്തിയത് കുറ്റകരമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സിസ്റ്റർ അഭയ കൊലക്കേസിൽ ഇന്നലെയാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 28 വർഷത്തിന് ശേഷമാണ് അഭയക്ക് നീതി ലഭിക്കുന്നത്.

ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് വിധി പറഞ്ഞത്. ഈ മാസം 10 നാണു വാദം പൂര്‍ത്തിയായത്. 1992 മാര്‍ച്ച് 26നു രാത്രി കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റില്‍ വെച്ചാണ് സിസ്റ്റർ അഭയ കൊല്ലപ്പെടുന്നത്.

മരിച്ചു മൂന്നു പതിറ്റാണ്ട് അടുക്കുമ്പോഴാണ് കേസില്‍ വിധി വന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും സംഭവം ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസാണ് പിന്നീട് സിബിഐ വന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞത്. 16 വർഷത്തിന് ശേഷമാണ് കേസിൽ പ്രതികൾ അറസ്റ്റിലാകുന്നത്.

1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുത്തത്. കൊലപാതകത്തിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഉത്തരവിനെ തുടര്‍ന്ന് 2007ല്‍ സിബിഐയുടെ പുതിയ അന്വേഷണസംഘം തുടരന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിച്ചതും അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സിബിഐ കണ്ടെത്തലുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായി.

2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പൂതൃക്കയില്‍ എന്നിവരെ കേസില്‍ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നാണ് സിബിഐ കുറ്റപത്രം.

ഫാദര്‍ ജോസ് പുതൃകയിലിനെ വിടുതല്‍ ഹര്‍ജി പരിഗണിച്ചു പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രിംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആവശ്യം സുപ്രിംകോടതിയും തള്ളിയതോടെ വിചാരണ ആരംഭിച്ചു.

49 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ രഹസ്യമൊഴി നല്‍കിയ സാക്ഷികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൂറുമാറി. മൂന്നാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയായിരുന്നു നിര്‍ണായകം. പ്രതിഭാഗത്തുനിന്നും സാക്ഷികളാരും ഉണ്ടായിരുന്നില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com