സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം; ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും

നിലവില്‍ കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്‍ ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന ആവശ്യം; ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും

ന്യൂ ഡല്‍ഹി: യുപി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

നിലവില്‍ കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്‍ ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. കാപ്പന്റെ ആരോഗ്യനില മോശമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബവും പത്രപ്രവര്‍ത്തക യൂണിയനും കോടതിയെ സമീപിച്ചത്. നേരത്തെ കാപ്പനെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാര്‍ ചീഫ് ജസ്റ്റിസിന് എന്‍വി രമണയ്ക്ക് കത്തയച്ചിരുന്നു.

കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയില്‍ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയില്‍ തടവില്‍ കഴിയുന്നതെന്നും കത്തില്‍ എംപിമാര്‍ ചൂണ്ടിക്കാട്ടുന്നു. സിദ്ദീഖ് കാപ്പന്‍ ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായാണ് ഹാത്രാസിലേയ്ക്ക് പോയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5 നാണ് അദ്ദേഹം മഥുരയില്‍ വച്ച് അറസ്റ്റിലാകുന്നത്. നമ്മുടെ ഭരണഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും കത്തില്‍ പറയുന്നു.

എം.പിമാരായ കെ. സുധാകരന്‍,കെ മുരളീധരന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് , ബെന്നി ബഹനാന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി,എന്‍.കെ പ്രേമചന്ദ്രന്‍,പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ ഒപ്പിട്ടത്. അതേസമയം, സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com