സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഷോപ്പിം​ഗ് മാൾ, ജിം, ബാറുകൾ എന്നിവ അടയ്ക്കേണ്ടി വരും

വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഷോപ്പിം​ഗ് മാൾ, ജിം, ബാറുകൾ എന്നിവ അടയ്ക്കേണ്ടി വരും

തിരുവനന്തപുരം: സിനിമാതിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. ​വിവഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കൊവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം.

ആരാധനാലയങ്ങളിലും കർശന നിയന്ത്രണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റമദാൻ ചടങ്ങുകളിൽ പള്ളികളിൽ പരമാവധി 50 പേർക്ക് മാത്രമേ പങ്കെടുക്കാവു. ചെറിയ പളളികളാണെങ്കിൽ എണ്ണം ഇനിയും ചുരുക്കണം. നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. പകരം പൈപ്പ് വെള്ളം ഉപയോ​ഗിക്കണം. ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണം.

സിനിമാ തിയേറ്റർ, ഷോപ്പിം​ഗ് മോൾ, ക്ലബ്, ജിംനേഷ്യം, ബാറുകൾ, സ്പോർട്ട്സ് കോംപ്ലക്സ്, വിദേശ മദ്യ ഷോപ്പുകൾ, പാർക്കുകൾ എന്നിവ തത്കാലം വേണ്ടെന്നു വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരെ പരമാവധി ചുരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കടകളും റസ്റ്റോറന്റുകളും 7.30 വരെ പ്രവർത്തിക്കാം. റസ്റ്റോറന്റുകളിൽ പാഴ്സൽ 9 മണി വരെ നൽകാം.

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും അടുത്തദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലയുളളവര്‍ മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണല്ലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനമുളളൂ. രണ്ടുഡോസ് വാക്‌സിനെടുത്തവര്‍ക്കും 72 മണിക്കറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുളള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിക്കണം.

സര്‍ക്കാര്‍,സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ മതിയെന്ന് തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹേസ്റ്റലുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടുദിവസം പൂര്‍ണമായും അടച്ചിടും. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ തോത് അനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടതുണ്ടെങ്കില്‍ കൂടുതല്‍ ദിവസത്തേക്ക് അടച്ചിടും.

രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുളള രാത്രികാല നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്ത് നിലവിലുണ്ട്. ഈ സമയങ്ങളില്‍ ഒരു തരത്തിലുളള ഒത്തു ചേരലും പാടില്ല. എന്നാല്‍ അവശ്യ സേവനങ്ങള്‍ക്കും ആശുപത്രികള്‍ മരുന്നു ഷോപ്പുകള്‍ പാല്‍വിതരണം മാധ്യമങ്ങള്‍ എന്നിവയ്ക്കും ഈ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. കടകളും റെസ്റ്റോറന്റുകളും രാത്രി 7.30വരെയാണ് പ്രവര്‍ത്തിക്കുന്നത്. ആ നിയന്ത്രണവും തുടരേണ്ടി വരും. എന്നാല്‍ രാത്രി 9 വരെ റെസ്റ്റോറന്റുകള്‍ക്ക് ഭക്ഷണം പാഴ്‌സലായി നല്‍കാം. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകളുമായുളള സമ്പര്‍ക്കം പരമാവധി കുറക്കണം. ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം.

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com