ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കേസില്‍ അറസ്റ്റിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.
ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കസ്റ്റംസിന്റെ ഇഡിയുടെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്.

ഇതോടെ കേസില്‍ അറസ്റ്റിനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഇഡിക്കും കസ്റ്റംസിനും ജാമ്യാപേക്ഷ തള്ളിയതോടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസ്സം നീങ്ങി. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ജസ്റ്റിസ് അശോക് മേനോന്‍ അംഗീകരിക്കുകയായിരുന്നു.

അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ഉയര്‍ത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു. വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സയിലാണ് ശിവശങ്കറിപ്പോഴുള്ളത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com