ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരമെങ്കില്‍ തുടര്‍ നടപടിക്ക് കസ്റ്റംസ്

ഇന്ന് വീണ്ടും ഇസിജി പരിശോധനയും വേണ്ടിവന്നാല്‍ ആന്‍ജിയോഗ്രാമും നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
ശിവശങ്കര്‍ ആശുപത്രിയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരമെങ്കില്‍ തുടര്‍ നടപടിക്ക് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കും. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി മുന്നോട്ടു പോയേക്കുമെന്നാണ് സൂചന. അറസ്റ്റ് ആണ് അടുത്ത നീക്കമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഇസിജിയില്‍ നേരിയ വ്യതിയാനവും ഉണ്ടായിരുന്നതായി വെള്ളിയാഴ്ച രാത്രി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പ്രാഥമിക പരിശോധനയില്‍ ശാരീരിക വിഷമത കണ്ടെത്തിയ സാഹചര്യത്തിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ഇന്ന് വീണ്ടും ഇസിജി പരിശോധനയും വേണ്ടിവന്നാല്‍ ആന്‍ജിയോഗ്രാമും നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായാല്‍ ആശുപത്രിയില്‍നിന്നുതന്നെ അദ്ദേഹത്തെ ചോദ്യംചെയ്യാനായി കൊണ്ടുപോകുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്നാണ് വിവരം. ശിവശങ്കറിന്റെ ഭാര്യ നെഫ്രോളജിസ്റ്റ് ആയി ജോലിചെയ്യുന്നതും ഈ ആശുപത്രിയിലാണ്.

വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം ഉടന്‍ കൂടെച്ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നു. പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തില്‍ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com