രാജ്യത്ത് ടുകഡെ ടുകഡെ കൂട്ടരാണ് അധികാരത്തിലുള്ളത്: കേന്ദ്രത്തിനെതിരെ തരൂര്‍

ഹിന്ദി അറിയാത്തവര്‍ വെബിനാറില്‍ നിന്ന് പുറത്തേക്ക് പോകണമെന്ന ആയുഷ് സെക്രട്ടറിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍.
രാജ്യത്ത് ടുകഡെ ടുകഡെ കൂട്ടരാണ് അധികാരത്തിലുള്ളത്: കേന്ദ്രത്തിനെതിരെ തരൂര്‍

ന്യൂഡല്‍ഹി: ഹിന്ദി അറിയാത്തവര്‍ വെബിനാറില്‍ നിന്ന് പുറത്തേക്ക് പോകണമെന്ന ആയുഷ് സെക്രട്ടറിയുടെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഭിന്നിപ്പിച്ച്‌ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂട്ടരാണ്(ടുകഡെ ടുകഡെ) ഇപ്പോള്‍ അധികാരത്തിലുള്ളതെന്ന് ശശി തരൂര്‍ ആഞ്ഞടിട്ടു.

"തന്റെ ഹിന്ദി മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാറില്‍ നിന്ന് പുറത്തു പോകണമെന്ന് ഒരു ഗവണ്‍മെന്റ് സെക്രട്ടറി തമിഴരോട് പറയുമ്പോള്‍ അത് അസാധാരണമാണ്! ഗവണ്‍മെന്റിന് എന്തെങ്കിലും മാന്യത ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മാറ്റി ഒരു തമിഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ നിയമിക്കണം! ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന 'ടുകഡെ ടുകഡെ' സംഘം കഠിനാധ്വാനത്തിലൂടെ ഇന്ത്യ നേടിയ ഐക്യം നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണോ?," തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചു.

ശനിയാഴ്ചയാണ് വിവാദത്തിനാധാരമായ സംഭവം നടന്നത്. യോഗ മാസ്റ്റര്‍ ട്രെയിനേഴ്‌സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്‌റ്റിറ്റ‌്യൂട്ട് ഓഫ് യോഗയും ചേര്‍ന്ന് പ്രകൃതിചികിത്സ ഡോക്‌ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സിലാണ് ഹിന്ദി വാദം ഉയര്‍ന്നുവന്നത്. ഓഗസ്റ്റ് 18 മുതല്‍ 20 വരെയായിരുന്നു പരിപാടി. ഇതില്‍ മൂന്നോറോളം പ്രകൃതിചികിത്സാ ഡോക്‌ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവരില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു.

യോഗത്തില്‍ കൂടുതല്‍ സമയവും ഹിന്ദിയിലായിരുന്നു കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. മൂന്നാംദിവസം കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് ആയുഷ് സെക്രട്ടറി ഹിന്ദി മനസിലാകാത്തവര്‍ക്ക്‌ യോഗം നിര്‍ത്തി പോകാമെന്ന് പറഞ്ഞത്‌. ഹിന്ദിയില്‍ സംസാരിച്ച സെക്രട്ടറിയോട് ഇംഗ്ലീഷില്‍ സംസാരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഡോക്‌ടര്‍മാര്‍ സന്ദേശമയച്ചിരുന്നു. എന്നാല്‍, തനിക്കു നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നും ഹിന്ദി മനസിലാകാത്തവര്‍ക്ക് മീറ്റിങ്ങില്‍ നിന്നു പോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. ഇതോടെ പ്രസ്‌താവന വിവാദമായി.

തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി ആയുഷ് സെക്രട്ടറിക്കെതിരെ രംഗത്തെത്തിയിരുന്നു. ആയുഷ് സെക്രട്ടറിയെ കേന്ദ്രം ഉടന്‍ പുറത്താക്കണമെന്ന് കനിമൊഴി ആവശ്യപ്പെട്ടു. സെക്രട്ടറിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും കനിമൊഴി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com